മകളുടെ ജീവന് ഭീഷണിയുണ്ട് സര്, വിടാതെ പിന്തുടര്ന്ന് ആ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിക്കുന്നു’;അമ്മുവിന്റെ പിതാവ് ഒക്ടോബറില്‍ നല്കിയ പരാതി
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തിന് മുന്‍പ് പിതാവ് നല്‍കിയെന്ന് പറയുന്ന പരാതിയുടെ പകര്‍പ്പ് ട്വന്റിഫോറിന്. കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായ പരാതിയാണ് പുറത്തുവന്നിരിക്കുന്നത്. മകളുടെ ജീവന് ഭീഷണിയുണ്ടെന്ന് പിതാവ് അന്നുതന്നെ പരാതിപ്പെട്ടിരുന്നു. കസ്റ്റഡിയിലെടുത്ത അമ്മുവിന്റെ സഹപാഠികള്‍ക്കെതിരെ ഇതേ പരാതിയില്‍ ഗുരുതര ആരോപണങ്ങളാണ് പിതാവ് ഉന്നയിച്ചിരുന്നത്. ഇ- മെയില്‍ വഴിയാണ് അമ്മുവിന്റെ പിതാവ് സജീവ് കോളജിലേക്ക് പരാതി അയച്ചത്
ഹോസ്റ്റല്‍ ലീഡര്‍ അഞ്ജന ഉള്‍പ്പെടെ നിരന്തരം അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതിയില്‍ പിതാവ് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ഇവരുടെ പീഡനം സഹിക്കാതെ അമ്മു മറ്റൊരു മുറിയിലേക്ക് മാറിയിട്ടും ഇവര്‍ അമ്മുവിനെ വെറുതെ വിട്ടില്ല. റൂമിലെത്തി അമ്മുവിനെ ചീത്ത പറയുന്നതും ചെയ്യാത്ത കുറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും പതിവാണ്. ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ അത് തന്റെ മകളുടെ ജീവന് തന്നെ ഭീഷണിയാണെന്നും സജീവ് ഈ പരാതിയില്‍ അന്നേ സൂചിപ്പിച്ചിരുന്നു.
അമ്മുവിന്റെ പിതാവ് ഒക്ടോബര്‍ മാസം നല്കിയ പരാതിയുടെ പകര്‍പ്പാണ് ട്വന്റിഫോറിന് ലഭിച്ചത്. അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപാഠികളായ ഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്നുപേര്‍ക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.