ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ പരാതിയില്‍ അദ്ദേഹത്തിന്റെ മൊഴിയെടുത്തു
ആത്മകഥാ വിവാദത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുക്കുന്നത്. തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന പേരില്‍ തെരഞ്ഞെടുപ്പ് ദിവസം ചില രേഖകള്‍ പ്രചരിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ പി ജയരാജന് പരാതി നല്‍കിയിരുന്നത്. ഇതിലാണ് പൊലീസ് ജയരാജന്റെ മൊഴിയെടുത്തത്.
കോട്ടയത്ത് നിന്നുള്ള പൊലീസ് സംഘമാണ് മൊഴിയെടുക്കാനായി എത്തിയത്. എഫ്ഐആറിടാതെ ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തുകയാണ് പൊലീസ് ചെയ്തത്. ഇ പിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ താന്‍ നിലവില്‍ കോണ്‍ട്രാക്ടുണ്ടാക്കിയിട്ടില്ലെന്നായിരുന്നു ഇ പി ജയരാജന്റെ വാദം. ഇതുള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിക്കും.
സിപിഐഎമ്മിനേയും എല്‍ഡിഎഫിനേയും ഉള്‍പ്പെടെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഇ പിയുടെ ആത്മകഥയില്‍ ഉണ്ടെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം വേണമെന്നാണ് ഇ പി ജയരാജന് ഡിജിപിക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.