NationalTop News

അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നു; നിക്ഷേപകരുടെ നഷ്ടം 2.5 ലക്ഷം കോടി; ഹിന്‍ഡന്‍ബര്‍ഗിന് സമാനമായ ആഘാതം

Spread the love

അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കേസുകള്‍ അദാനി ഓഹരികള്‍ക്കുണ്ടാക്കിയത് വന്‍ തിരിച്ചടി. അദാനി ഓഹരികള്‍ 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഓഹരി വിലയില്‍ 18.80 ശതമാനം ഇടിവാണുണ്ടായത്. അദാനി ടോട്ടല്‍ ഗ്യാസ് 18.14 ശതമാനവും അദാനി പോര്‍ട്ടിന് 15 ശതമാനവും അദാനി പവറിന് 17.79 ശതമാനവും ഇടിവുണ്ടായി. നിക്ഷേപകരുടെ നഷ്ടം 2.5 ലക്ഷം കോടി രൂപയാണ്

ഓഹരികള്‍ വിലകൂട്ടി കാണിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയുള്ള ഇടിവിന് ശേഷം അദാനി ഗ്രൂപ്പ് നേരിടുന്ന ഏറ്റവും തകര്‍ച്ചയാണ് ഇന്ന് വിപണിയില്‍ കണ്ടത്. വിപണി ക്ലോസ് ചെയ്യുമ്പോള്‍ അദാനി ഗ്രീന്‍ എനര്‍ജി ഓഹരി 1146 രൂപയിലെത്തിയിരുന്നു. അദാനി എന്റര്‍പ്രൈസസ് ഓഹരി വില 2182 എന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം അവസാനിച്ചത്.

ന്യൂയോര്‍ക്കില്‍ യുഎസ് അറ്റോര്‍ണി ഓഫീസാണ് അദാനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. സൗരോര്‍ജ കരാറുകള്‍ ലഭിക്കാനായി ഗൗതം അദാനി, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു.കോഴ നല്‍കിയെന്ന വിവരം രാജ്യാന്തര നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ചു. 1476 കോടി രൂപ നിക്ഷേപം സമാഹരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴുപേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.