‘പാർലമെന്റ് തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സിപിഐഎം നേതാക്കൾക്ക് സമനില തെറ്റി’; വി ഡി സതീശൻ
പത്രപ്പരസ്യ വിവാദത്തിൽ പ്രതികരണവുമായി വി ഡി സതീശൻ. സിപിഐഎം വർഗീയത പ്രചരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മതപരമായ ഭിന്നിപ്പുണ്ടാക്കാൻ വേണ്ടിയുള്ള സിപിഐഎം ശ്രമം. പരസ്യം നൽകിയത് മതപരമായി ഭിന്നിപ്പുണ്ടാക്കാനുള്ള ദുരുദ്ദേശത്തോടെയാണ്. പരസ്യം നൽകിയതിന്റെ ഉത്തരവാദി മന്ത്രി എം ബി രാജേഷാണ്.
പാർലമെന്റ് തെരെഞ്ഞടുപ്പ് തോൽവിക്ക് ശേഷം സിപിഐഎം നേതാക്കൾക്ക് സമനില തെറ്റി. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന് ഉപതെരഞ്ഞെടുപ്പ് മറുപടി നൽകും. എൽഡിഎഫ് പത്ര പരസ്യം നൽകിയത് തെരെഞ്ഞെടുപ്പ് ചട്ടലംഘനമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം ഉണ്ടാക്കിയതു പോലെ പാലക്കാടും തെരഞ്ഞെടുപ്പിന്റെ തലേന്ന് മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള പത്രത്തില്‍ വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അഡ്വട്ടോറിയല്‍ നല്‍കി വര്‍ഗീയ പ്രചരണത്തിനാണ് സിപിഐഎം ശ്രമിച്ചിരിക്കുന്നതെന്ന് സതീശന്‍ തുറന്നടിച്ചു. സിപിഐഎമ്മിനെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യര്‍ ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെയാണ് സിപിഐഎം വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. മുസ്ലിം സംഘടനകളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ പരസ്യം, സ്വന്തം പത്രമായ ദേശാഭിമാനിയില്‍ പോലുമില്ല. എല്ലാ മതവിഭാഗങ്ങളും വായിക്കും എന്നതു കൊണ്ടാണ് സ്വന്തം പത്രത്തില്‍ കൊടുക്കാനിരുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ദീപിക പത്രത്തില്‍ ഒരു പരസ്യം നല്‍കി. മുസ്ലീം പത്രത്തില്‍ മറ്റൊരു പരസ്യവും കൊടുത്തു. എന്നാല്‍ അതിനേക്കാള്‍ വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സംഘപരിവാര്‍ പോലും സിപിഐഎമ്മിന് മുന്നില്‍ നാണിച്ച് തല താഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു.