പാലക്കാട്ട് പോളിങ് തുടങ്ങി, തുടക്കത്തില്‍ തന്നെ ബൂത്തുകളില്‍ നീണ്ട നിര
ഒരുമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട്ട് പോളിങ് തുടങ്ങി. വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. പോളിങ്ങ് ബൂത്തുകളില്‍ തുടക്കത്തില്‍ തന്നെ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ആകെ 184 ബൂത്തുകളാണുള്ളത്. വൈകിട്ട് 6 വരെയാണ് പോളിങ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ നിശബ്ദ പ്രചാരണദിനമായ ഇന്നലെ വരെ നിരവധി വിവാദങ്ങള്‍ക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. 10 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി. സരിന് പ്രതികരിച്ചു. എന്താണ് തെരഞ്ഞെടുപ്പിനുള്ള കാരണമെന്നതിനെ പറ്റി ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ജനങ്ങളുടെ മനസിലൊരു തീരുമാനമുണ്ടെന്നും പി സരിന് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ മനസിലൊരു തീരുമാനമുണ്ട്. വളരെ ശക്തമായൊരു തീരുമാനമാണത്. അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കൊരു പരിഹാരമുണ്ടാകണമെന്നും വിളിച്ചു വരുത്തിയൊരു ഉപതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഒരു അതിഥിയെ മാത്രമാണ് വിജയിപ്പിക്കാന്‍ കഴിയുക എന്നതുമാണ്. ആ അതിഥി ഈ ആതിഥേയന് തന്നെയാകുമ്പോള്‍ അവര്‍ക്ക് വലിയ പ്രതീക്ഷകളുമായിരിക്കും. അതുകൊണ്ട് ജനങ്ങളുടെ മനസിലുള്ള ഒരു പരിഹാര നിര്‍ദേശമായിത്തന്നെ ഒരാളുടെ പേരിലേക്ക് എന്നോ എത്തിച്ചേര്‍ന്നു. വിഷങ്ങളെല്ലാം പഠിച്ച് മനസിലാക്കി തന്നെയാണ് ആ തീരുമാനം. ആ തീരുമാനത്തെ അട്ടിമറിക്കാന്‍ മറ്റൊന്നിനും സാധിക്കില്ല – സരിന് വ്യക്തമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ ശുഭ പ്രതീക്ഷയിലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു. മണപ്പുള്ളിക്കാവ് ക്ഷേത്രത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. പൊതുജീവിതത്തില്‍ ആയാലും വ്യക്തി ജീവിതത്തില്‍ ആയാലും വളരെ പ്രധാനപ്പെട്ട ദിവസമാണിന്ന് എന്ന് രാഹുല്‍ പറഞ്ഞു.