പാലക്കാട് ഇന്ന് വിധിയെഴുതും; പോളിങ് രാവിലെ ഏഴു മുതൽ
വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞുനിന്ന സംഭവ ബഹുലമായ പ്രചാരണത്തിനൊടുവിലാണ് പാലക്കാട് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് കാലം ഉണ്ടായിട്ടില്ല. അത്ര സംഭവ ബഹുലവും നാടകീയതയും നിറഞ്ഞതായിരുന്നു 27 ദിവസം നീണ്ട പ്രചാരണം.
രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കുന്നതിന് എതിരെ കെപിസിസി ഡിജിറ്റൽ വിഭാഗം തലവൻ ഡോ. പി. സരിൻ പരസ്യമായി രംഗത്ത് വന്നതോടെ പാലക്കാട് ശ്രദ്ധാകേന്ദ്രമായി. പ്രതിപക്ഷ നേതാവിനും ഷാഫി പറമ്പിലിനും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഡോക്ടർ പി സരിൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി. പി. സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് പി കെ ഷാനിബും കോൺഗ്രസ് പാളയം വിട്ട് പുറത്തുവന്നു. കെ മുരളീധരനെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഡിസിസിയുടെ കത്ത് പുറത്തായത് വൻ വിവാദമായി. പാലക്കാട് സീറ്റിനുവേണ്ടി ശോഭാ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പിടിവലി നടത്തിയത് ബിജെപിയിലും വിവാദമായി.
ഏരിയാ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ ജില്ലാ സെക്രട്ടറിക്കെതിരെ വിമർശനം ഉന്നയിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത് സിപിഐഎമ്മിനെ വിവാദത്തിലാക്കി. വേഗത്തിൽ അനുനയിപ്പിച്ച് ഷുക്കൂറിനെ തിരിച്ചെത്തിച്ചു. എന്നാൽ തൊട്ടുപിന്നാലെ എൻ എൻ കൃഷ്ണദാസ് മാധ്യമങ്ങൾക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശം സിപിഐഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി. തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ അപമാനിക്കപ്പെട്ടു എന്ന് ആരോപിച്ച് സന്ദീപ് വാര്യർ ബിജെപിയിൽ കലാപക്കൊടി ഉയർത്തി. പാർട്ടിയോട് കലഹിച്ച സന്ദീപ് വാര്യർ പല സാധ്യതകൾ ആരാഞ്ഞ ശേഷം ഒടുവിൽ കോൺഗ്രസിൽ എത്തിയതും വലിയ ട്വിസ്റ്റ് ആയി.
ഇതിനെയെല്ലാം കടത്തിവെട്ടുന്നതായിരുന്നു പാതിരാത്രിയിലെ കള്ളപ്പണ പരിശോധന. പട്ടണത്തിലെ ഹോട്ടലിൽ കോൺഗ്രസ് നേതാക്കൾ കള്ളപ്പണ ഇടപാട് നടത്തുന്നുവെന്ന സിപിഐഎം പരാതിയെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. കോൺഗ്രസ് വനിതാ നേതാക്കളുടെ മുറി പരിശോധിച്ചതും അതിനെ തടയാൻ ശ്രമിച്ചതും സംഘർഷത്തിന് കാരണമായി. ഹോട്ടലിലേക്ക് പണം കൊണ്ടുവന്നു എന്ന് സംശയിക്കുന്ന നീല ട്രോളി ബാഗ് ആയിരുന്നു കള്ളപ്പണ വിവാദത്തിന്റെ കേന്ദ്രബിന്ദു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൂടി സിപിഐഎം പുറത്തുവിട്ടതോടെ വിവാദം ആളിക്കത്തി.
നീലപ്പെട്ടി വിവാദം ചർച്ചയാക്കുന്നതിനെതിരെ എൻ എൻ കൃഷ്ണദാസ് രംഗത്ത് വന്നത് സിപിഐഎമ്മിനെ ഉലച്ചു. നീലപ്പെട്ടി വിവാദത്തിന് പിന്നാലെയാണ് ഇരട്ട വോട്ട് വിവാദം പ്രചാരണ രംഗം കയ്യടക്കിയത്. 2700 ഇരട്ട വോട്ടുകൾ ഉണ്ടെന്ന സിപിഐഎം ആരോപണത്തിന് പിന്നാലെ ബിജെപിയും ആക്ഷേപങ്ങളുമായി കളത്തിലിറങ്ങി. ഇടതു സ്ഥാനാർഥി പാലക്കാട് വോട്ടുചേർത്തതും പ്രചാരണത്തിൽ ഉന്നയിച്ചു. വോട്ടെടുപ്പ് ദിനത്തിന്റെ തലേദിവസം സന്ദീപ് വാര്യർക്ക് എതിരെ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട എൽഡിഎഫ് പരസ്യമാണ് നാടകീയമായ തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം പാലക്കാട് കത്തിപ്പടർന്നത്.