നിരോധിത പുകയില ഉൽപ്പന്നവുമായി പിടികൂടിയവരെ പിഴ നൽകി വിട്ടയച്ചു; എക്സൈസ് ഉദ്യോഗസ്ഥർക്ക് നാട്ടുകാരുടെ മർദനം
തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം. നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്കാണ് മർദനമേറ്റത്. അമ്പതോളം വരുന്ന നാട്ടുകാരാണ് എക്സൈസ് സംഘത്തെ മർദ്ദിച്ചത്. നിരോധിത പുകയില ഉൽപ്പന്നവുമായി പിടികൂടിയവരെ പിഴ നൽകി വിട്ടയച്ചത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു മർദനം. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്
പരിശോധനക്കിടെ കൈ കാണിച്ചിട്ട് നിർത്താതെ പോയ വാഹനം എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടിയിരുന്നു. വാഹനത്തിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. എക്സൈസ് സംഘം പിടികൂടിയ മൂന്നു പേരെ പിഴ നൽകി വിട്ടയക്കുകയും ചെയ്തു. ഇതോടെയാണ് നാട്ടുകാർ എക്സൈസ് സംഘത്തെ ആക്രമിച്ചത്. എന്തിന് പിഴ നൽകി വിട്ടയച്ചു എന്ന് ചോദ്യം ചെയ്താണ് നാട്ടുകാർ ഉദ്യോഗസ്ഥരെ മർദിച്ചത്.
മറ്റു ഉദ്യോഗസ്ഥർ എത്തിയാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തിനും രണ്ട് സിവിൽ ഓഫീസർമാർക്കും ആണ് പരിക്കേറ്റത്. പരുക്കേറ്റവരെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഉദ്യോഗസ്ഥർ മടങ്ങി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസിന് പരാതി നൽകി.