ഡല്‍ഹിയില്‍ വായു മലിനീകരണം സിവിയര്‍ പ്ലസ് വിഭാഗത്തില്‍, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ഡല്‍ഹിയില്‍ വായു മലിനീകരണം സിവിയര്‍ പ്ലസ് വിഭാഗത്തില്‍. പലയിടത്തും 400 മുകളില്‍ വായു ഗുണനിലവാര സൂചിക മലിനീകരണം രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച മുതല്‍ രണ്ടാം തവണയാണ് സിവിയര്‍ പ്ലസ് വിഭാഗത്തിലേക്ക് ഡല്‍ഹിയിലെ വായു ഗുണനിലവാരം എത്തുന്നത്. ബവാന – 490, അശോക് വിഹാര്‍ – 487, വസീര്‍പൂര്‍ – 483 എന്നിങ്ങനെയാണ് വായു ഗുണനിലവാരം.
ഡല്‍ഹിയിലെ പലയിടത്തും നിലവില്‍ ശക്തമായ പുകമഞ്ഞാണ്. നാളെ അതിശക്തമായ പുക മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത പുകമഞ്ഞ് രാജ്യ തലസ്ഥാനത്തെ വിമാന സര്‍വീസുകളെ ബാധിച്ചേക്കും.
വായു മലിനീകരണം അതിരൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. അടിയന്തര സ്വഭാവമില്ലാത്ത മുഴുവന്‍ നിര്‍മാണപ്രവര്‍ത്തങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കമ്മീഷന് ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് പ്രഖ്യാപിച്ച ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ്-3 മലിനീകരണ വിരുദ്ധ നടപടികള്‍ പ്രാബല്യത്തില്‍ വന്നു. BS-III-ലെ പെട്രോള്‍ വാഹനങ്ങളും BS-IV വിഭാഗത്തിലുള്ള ഡീസല്‍ വാഹനങ്ങളും അനുവദിക്കില്ല.