SportsTop News

ടി20 പരമ്പരയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് തിലക് വര്‍മ്മയും; മാസ്മരിക പ്രകടനത്തെ വാഴ്ത്തി ആരാധകര്‍

Spread the love

ദക്ഷിണാഫ്രിക്കക്കെതിരായ നാലാമത്തെയും അവസാനത്തെയും ടി20-യില്‍ മലയാളി താരം സഞ്ജു സാംസണിന്റെ ഒപ്പം വെടിക്കെട്ട് ബാറ്റിങ് തീര്‍ത്ത തിലക് വര്‍മയുടെ പേരിലും കുറിക്കപ്പെട്ടത് നിരവധി റെക്കോര്‍ഡുകള്‍. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 210 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയത് തന്നെ അപൂര്‍വ്വമായിരുന്നു. പത്ത് സിക്സും ഒന്‍പത് ഫോറും ചേര്‍ത്ത് 47 പന്തിലായിരുന്നു തിലക് വര്‍മ്മ 120 റണ്‍സ് നിഷ്പ്രയാസം അടിച്ചെടുത്തത്. പരമ്പരയിലെ കഴിഞ്ഞ മത്സരത്തിലും തിലകിന് സെഞ്ച്വറിയുണ്ടായിരുന്നു. ഇതോടെ ടി20-യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി തിലക് വര്‍മ മാറിയിരിക്കുകയാണ്. സഞ്ജു സാംസണ്‍ നേരത്തെ തന്നെ ഈ നേട്ടം കൈവരിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ നോക്കിയാല്‍ ഫ്രഞ്ച്-ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററായ ഗുസ്താവ് മക്കിയണ്‍, ദക്ഷിണാഫ്രിക്കന്‍ താരമായ റിലീ റുസ്സോ, ഇംഗ്ലീഷ് താരം ഫില്‍ സാള്‍ട്ട് എന്നിവരും തുടര്‍ച്ചയായ രണ്ട് ടി20 മത്സരങ്ങളില്‍ സെഞ്ചുറി കുറിച്ചിട്ടുണ്ട്. എന്നാല്‍ 22-ാം വയസ്സിലാണ് തിലക് വര്‍മയുടെ നേട്ടം. രണ്ട് സെഞ്ചുറികള്‍ നേടുന്ന പ്രായം കുറഞ്ഞ ബാറ്ററും തിലക് വര്‍മയാണ്. ഐ.സി.സി ഫുള്‍ മെമ്പേഴ്‌സ് തമ്മില്‍ നടക്കുന്ന ഒരു മത്സരത്തിലെ ഒരിന്നിങ്‌സില്‍ രണ്ട് സെഞ്ചുറികള്‍ പിറന്ന ആദ്യമത്സരവും ഇതുതന്നെയാണ്. ടി20-യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഇന്നലെ പിറന്നത്. ഒരു ദ്വിരാഷ്ട്ര പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സഞ്ജുവിന്റെ പേരിലാണെങ്കിലും രണ്ടാമത്തെ താരം തിലക് വര്‍മ്മയാണ്. അതേ സമയം സഞ്ജുവിന്റെ ഒപ്പം തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ച്ച വെച്ച തിലക് വര്‍മ്മയെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകര്‍.