KeralaTop News

ആത്മകഥ വിവാദം: ഇ പി ജയരാജന്റെ പരാതി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി ഡിജിപി

Spread the love

ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട ഇ പി ജയരാജന്റെ പരാതി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. ഡിജിപിയാണ് പരാതി കൈമാറിയത്. ഇ.പി ജയരാജന്‍ ഇന്നലെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

ആത്മകഥയുടെ മറവില്‍ വ്യാജ രേഖയുണ്ടാക്കി തെറ്റായ പ്രചരണം നടത്തി എന്നതുള്‍പ്പടെയാണ് ഇപി ജയരാജന്‍ നല്‍കിയ പരാതിയിലുള്ളത്. ആത്മകഥ എഴുതിക്കഴിയുകയോ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല, തെരഞ്ഞെടുപ്പ് ദിവസം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ ഗൂഢാലോചനയുണ്ട് തുടങ്ങിയ കാര്യങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ തുടരന്വേഷണത്തിനാണ് ഡിജിപി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് പരാതി കൈമാറിയത്. വിഷയത്തില്‍ ഡി സി ബുക്സിന് ഇ പി ജയരാജന്‍ ഇന്നലെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നാണ് ഇ പി ജയരാജന്‍ ഇന്നലെ വ്യക്തമാക്കിയത്. പുസ്തക പ്രസിദ്ധീകരണത്തിന് താന്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ല, ചുമതലപ്പെടുത്തിയിട്ടില്ല, അത്തരം കാര്യങ്ങളെ കുറിച്ച് അടിസ്ഥാന രഹിതമായ നിലയില്‍ വാര്‍ത്ത വന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച് സമഗ്രമായൊരു അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണം എന്നുള്ളതാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി.

രണ്ടാം പിണറായി സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ചാണ് ഇപി ജയരാജയന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍. പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തില്‍ പറയന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആത്മകഥയില്‍ പറയുന്നു.