KeralaTop News

ആത്മകഥാ വിവാദത്തിനിടെ സരിനായി വോട്ട് തേടാന്‍ ഇ പി ജയരാജന്‍ ഇന്ന് പാലക്കാടെത്തും, വൈകീട്ട് 5 മണിക്ക് പൊതുസമ്മേളനം

Spread the love

ആത്മകഥാ വിവാദത്തിനിടെ സരിനായി വോട്ട് തേടാന്‍ ഇ പി ജയരാജന്‍ ഇന്ന് പാലക്കാടെത്തും. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പൊതുയോഗത്തില്‍ ഇ പി ജയരാജന്‍ സംസാരിക്കും. വൈകീട്ട് 5 മണിക്കാണ് പൊതുസമ്മേളനം. സ്റ്റേഡിയം ഗൗണ്ടിനോട് ചേര്‍ന്നുള്ള പൊതു വേദിയിലാണ് പരിപാടി. ഇപിയുടെ ആത്മകഥയില്‍ സ്വാതന്ത്ര സ്ഥാനാര്‍ഥി ഡോ പി സരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപിയുടെ നീക്കം. പുസ്തകത്തിന്റെ ഉള്ളടക്കം തള്ളിയ ഇപി ഡിജിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ പാലക്കാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാണ് ഇപി ജയരാജന്‍ ആത്മകഥയില്‍ പറയുന്നത്. തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷയില്‍ ആയിരുന്നു സരിന്‍. അത് നടക്കാതായപ്പോഴാണ് ഇരട്ടി വെളുക്കും മുമ്പേ മറുകണ്ടം ചാടിയത്. ശത്രുപാളയത്തിലെ വിള്ളല്‍ മുതലെടുക്കണം എന്നത് നേര്. പല ഘട്ടത്തിലും അത് പ്രയോജനപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ വയ്യാവേലിയായ സന്ദര്‍ഭങ്ങളും നിരവധിയാണ്. പി വി അന്‍വര്‍ അതിലൊരു പ്രതീകം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വരുന്നവരെ കുറിച്ച് ആലോചിച്ചു വേണം തീരുമാനമെടുക്കാന്‍. സമാനമായി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെയെന്ന് ഇപി ജയരാജന്‍ പറയുന്നു.

ഇപി ജയരാജന്റെ ആത്മകഥയിലെ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍ രംഗത്തെത്തുകയും ചെയ്തു. പുറത്ത് വന്ന പ്രസ്താവനകള്‍ ഇപി ജയരാജന്‍ നിഷേധിച്ചു എന്നാണ് മനസിലാക്കുന്നതെന്ന് പി സരിന്‍ പറയുന്നു. ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു എന്നാണ് മനസിലാക്കുന്നതെന്ന് സരിന്‍ പ്രതികരിച്ചു. ഏതെങ്കിലും തെറ്റിധാരണയുടെ പേരില്‍ തനിക്കെതിരെ പരാമര്‍ശം ഉണ്ടായെങ്കില്‍ അത് പരിശോധിക്കാമെന്ന് സരിന്‍ വ്യക്തമാക്കി.