‘ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു; ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്’; സംവിധായകൻ ലാൽ ജോസ്
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി സംവിധായകൻ ലാൽ ജോസ്. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് ലാൽ ജോസ് പറഞ്ഞു. ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്. ചേലക്കരയിൽ വികസനം വേണം. മണ്ഡലത്തിലെ സ്കൂളുകൾ മെച്ചപ്പെട്ടു. തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകുമെന്നും എന്നാൽ സർക്കാരിനെതിരെ പരാതി ഇല്ലെന്നും ലാൽ ജോസ് വ്യക്തമാക്കി.
കൊണ്ടാഴി പഞ്ചായത്തിലെ 97 ആം നമ്പർ ബൂത്തിലാണ് സംവിധായകൻ ലാൽ ജോസ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ചേലക്കരയിൽ പോളിങ് പുരോഗമിക്കുകയാണ്. ചേലക്കരയിൽ 21.98 ശതമാനം പോളിങ് പൂർത്തിയായി. 2,13,103 വോട്ടർമാരാണ് ചേലക്കര മണ്ഡലത്തിലുള്ളത്. 180 പോളിംഗ് ബൂത്തുകളാണ് ചേലക്കരയിൽ സജ്ജമാക്കിയിരിക്കുന്നത്. മണ്ഡലത്തിൽ 14 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ മൈക്രോ ഒബ്‌സർവർമാരെ നിയോഗിച്ചിട്ടുണ്ട്.വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫർ, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പടെയുളള മുഴുവൻ ദൃശ്യങ്ങളും ചിത്രീകരിക്കും.