KeralaTop News

ഡ്രൈവിംഗ് ഗ്രൗണ്ടുകൾ ഇനി അടിമുടി മാറും; പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാൻ ഗതാഗത വകുപ്പ്

Spread the love

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങൾക്ക് പിന്നാലെ ഡ്രൈവിംഗ് ഗ്രൗണ്ടിൽ മാറ്റങ്ങളുമായി ഗതാഗത വകുപ്പ് മുന്നോട്ട്. ആധുനിക സൗകര്യങ്ങളും, ക്രമീകരണങ്ങളുമായി സ്വകാര്യ മേഖലയിൽ ഡ്രൈവിംഗ് ഗ്രൗണ്ടുകൾ തുടങ്ങാൻ അനുമതി നൽകി ഉത്തരവിറക്കി.

ദിവസേനയുള്ള ടെസ്റ്റുകളുടെ എണ്ണം കുറച്ചും, കാലഹരണപ്പെട്ട വാഹനങ്ങൾ ഒഴിവാക്കിയുമെല്ലാം ആദ്യ ഘട്ട പരിഷ്‌ക്കാരങ്ങൾ നടപ്പാക്കി . ഇനി രണ്ടാം ഘട്ടമാണ്. ആധുനിക സൗകര്യങ്ങൾ ഉള്ള വലിയ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളാകും ഉണ്ടാകുക. കയറ്റവും , ഇറക്കവും റിവേഴ്സ് പാർക്കിംഗും, എല്ലാം ഉൾപ്പെടുത്തിയാകും പരിഷ്കരിച്ച ഗ്രൗണ്ടുകൾ. ഇതിനായി സ്വകാര്യ മേഖലയ്ക്കും ടെസ്റ്റിംഗ് ഗ്രൗണ്ടുകൾ തുടങ്ങാൻ അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി.

12 പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്. മാനദണ്ഡങ്ങൾ പാലിച്ച് ഗ്രൗണ്ടുകൾ ഒരുക്കണം. തുടർന്ന് RTO മാരുടെ നേതൃത്വത്തിൽ ഗ്രൗണ്ട് പരിശോധിക്കും . മാനദണ്ഡങ്ങൾ പാലിച്ചെന്ന് പരിശോധനയിൽ ഉറപ്പാക്കിയ ശേഷമാകും അന്തിമ അനുമതി . നിലവിൽ അനുമതി ലഭിച്ചവർ എല്ലാം സ്വകാര്യ ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മകളാണ്. മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് ഗ്രൗണ്ട് ഒരുക്കാൻ കുറഞ്ഞത് രണ്ടര ഏക്കർ സ്ഥലമെങ്കിലും വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.