നെവര്‍ അണ്ടര്‍എസ്റ്റിമേറ്റ് ദി പവര്‍ ഓഫ് സൈക്കിള്‍; പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നാടുകാണാന്‍ സൈക്കിളുമെടുത്ത് ഇറങ്ങി; ചൈനയില്‍ വന്‍ ഗതാഗതക്കുരുക്ക്
ചൈനയിലെ തിരക്കേറിയ ദേശീയപാതയില്‍ കഴിഞ്ഞ ദിവസം കണ്ടത് വ്യത്യസ്തമായൊരു ഗതാഗതക്കുരുക്കാണ്. ഷെങ്ഷൂ-കൈഫെങ് ആറുവരിപ്പാത മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ സ്തംഭിച്ചു. കോളജ് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി സൈക്കിളില്‍ എത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണം.
ഷെങ്ഷൂ നഗരത്തില്‍ നിന്ന് പതിനായിരക്കണക്കിന് കോളജ് വിദ്യാര്‍ത്ഥികളാണ് അന്‍പത് കിലോമീറ്റര്‍ അകലെയുള്ള കൈഫെങ് നഗരത്തിലേക്ക് സൈക്കിളില്‍ എത്തിയത്. കൈഫെങ് നഗരം ആവേശത്തോടെ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. വെള്ളവും ലഘുഭക്ഷണവുമായി അവര്‍ വഴിയരികില്‍ കാത്തുനിന്നു. നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യപ്രവേശനം അനുവദിച്ചു.
ആയിരക്കണക്കിന് സൈക്കിളുകള്‍ എത്തിയതോടെ നഗരത്തില്‍ ഗതാഗതം തടസപ്പെട്ടു. അര മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന ദൂരത്തേക്ക് വാഹനങ്ങള്‍ എത്തിയത് മൂന്ന് മണിക്കൂര്‍കൊണ്ടായിരുന്നു. ഒടുവില്‍ വന്‍പൊലീസ് സന്നാഹം വേണ്ടിവന്നു ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍. ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ രാത്രി സൈക്കിളില്‍ മൈലുകളോളം യാത്രചെയ്ത് കൈഫെങ് നഗരത്തിലെത്തി രുചികരമായ ഡംബ്ലിങ്‌സ് കഴിച്ചതാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളി പതിനായിരങ്ങള്‍ പങ്കെടുത്ത ക്യാംപെയ്ന്‍ ആയി മാറിയത്. ഒന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുത്തത്.