ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തിയ ദീപാവലി പാര്‍ട്ടിയില്‍ മദ്യവും മാംസവും, പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ നടത്തിയ ദീപാവലി വിരുന്നില്‍ മദ്യവും മാംസവും വിളമ്പിയെന്ന് ആരോപണം. സംഭവത്തില്‍ വിമര്‍ശനവുമായി ചില ബ്രിട്ടീഷ് ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന വിരുന്നില്‍ കമ്യൂണിറ്റി ലീഡര്‍മാര്‍, രാഷ്ട്രീയക്കാര്‍ എന്നിവരുള്‍പ്പടെ പങ്കെടുത്തിരുന്നു. ദീപം തെളിയിക്കല്‍, കുച്ചിപ്പുടി നൃത്തം എന്നിവയുള്‍പ്പടെ ഒരുക്കിയിരുന്നു. പരിപാടിയില്‍ കെയര്‍ സ്റ്റാര്‍മര്‍ സംസാരിക്കുകയും ചെയ്തു.
പരിപാടിയില്‍ കബാബുകള്‍ ഉള്‍പ്പടെയുള്ള മാംസാഹാരവും ബിയര്‍, വൈന്‍ എന്നിവയും വിളമ്പിയെന്നാണ് ആരോപണം. സംഭവത്തില്‍ ബ്രീട്ടീഷ് ഹിന്ദു സംഘടനകള്‍ ഞെട്ടല്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം റിഷി സുനക് നടത്തിയ ദീപാവലി വിരുന്നില്‍ മാംസാഹാരം ഉള്‍പ്പെടുത്തിയിരുന്നില്ല.
കഴിഞ്ഞ 14 വര്‍ഷമായി 10, ഡൗണിംഗ് സ്ട്രീറ്റില്‍ ദീപാവലി ആഘോഷങ്ങള്‍ മദ്യവും മാംസവും ഇല്ലാതെയാണ് നടന്നിരുന്നതെന്ന് ബ്രിട്ടീഷ് ഹിന്ദു പണ്ഡിറ്റായ സതീഷ് കെ ശര്‍മ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഉപദേശകര്‍ ഈ വിഷയത്തില്‍ കാണിച്ച അശ്രദ്ധ വലിയ ദുരന്തമായിപ്പോയെന്നും അദ്ദേഹം സാമൂഹ്യ മാധ്യമമായ എക്‌സില്‍ വ്യക്തമാക്കി.