വഖഫ് വിഷയത്തിൽ സുരേഷ് ഗോപിയുടെ പ്രസ്താവന ‘കാളകൂട വിഷം’; എസ്‌ഡിപിഐ
വഖഫ് വിഷയത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ എസ്‌ഡിപിഐ . സുരേഷ് ഗോപിയുടെ പ്രസ്താവന കാളകൂട വിഷം പോലെയാണെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് വി അബ്ദുൾ ഹമീദ് വിമർശിച്ചു. സുരേഷ് ഗോപി കേരള രാഷ്ട്രീയത്തിൽ അധമനായ കോമാളിയാണ് അക്ഷരജ്ഞാനം പോലുമില്ലെന്നും വി അബ്ദുൾ ഹമീദ് കൂട്ടിച്ചേർത്തു. മുനമ്പം വിഷയം നിഴലിനോടുള്ള യുദ്ധമാണ്.നടക്കുന്നത് വർഗീയ ദ്രുവീകരണത്തിനുള്ള ശ്രമം, ഭൂമി വിലകൊടുത്ത് വാങ്ങിയവരെ കുടിയിറക്കരുതെന്നും വി അബ്ദുൾ ഹമീദ് വ്യക്തമാക്കി.
ഇംഗ്ലീഷിൽ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതമാണ് വഖഫ് നിയമമാണെന്നും അത് പൂട്ടിക്കെട്ടിക്കുമെന്നുമായിരുന്നു വയനാട്ടിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞത്. ‘കിരാതമാണ്, അത് പൂട്ടിക്കെട്ടും. അമിത് ഷായുടെ ഓഫീസില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ കിട്ടിയിട്ടുണ്ട്. അത് മണ്ഡലത്തിലെ നേതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ അത് പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തെ സംരക്ഷിക്കലല്ല മോദിയുടെ നയം. മണിപ്പൂര്‍ പൊക്കി നടന്നവരെ ഇപ്പോള്‍ കാണാനില്ല, അവര്‍ക്ക് അത് വേണ്ട, മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
അതേസമയം, സുരേഷ് ഗോപിക്ക് മറുപടിയുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെത് ഭിന്നിപ്പിക്കുന്ന തന്ത്രമാണെന്നും,തമ്മിൽ തല്ലിക്കാനാണ് നീക്കമെന്നും ,മുനമ്പത്ത് സമാധാനം കൊണ്ടു വരേണ്ടവർ കലക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.എന്നാൽ ബോർഡിനെ കുറിച്ച് പറഞ്ഞെങ്കിലും ഖഫ് എന്ന വാക്ക് സുരേഷ് ഗോപി ഉപയോഗിച്ചിട്ടില്ലെന്നും സമത്വമാണ് ഉദ്ദേശിച്ചതെന്നുമാണ് വയനാട് ബിജെപി സ്ഥാനാർത്ഥിയായ നവ്യ ഹരിദാസിന്റെ വാദം.