ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിൽ ഗർഭിണി വീണ സംഭവം; അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശം
ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിൽ ഗർഭിണി വീണ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിർദ്ദേശം. പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. തിങ്കളാഴ്ച നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തും.
ഈ വ്യാഴാഴ്ച രാത്രിയായിരുന്നു നാലു മാസം ഗർഭിണിയായ യുവതി അപകടത്തിൽപ്പെട്ടത്. ഓടയ്ക്ക് അപ്പുറമുള്ള കടയിൽ വസ്ത്രം വാങ്ങാൻ ഭർത്താവിനൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന പലക തകർന്നു ഓടയിലേക്ക് വീഴുകയായിരുന്നു. അപകടമുണ്ടായ ശേഷം പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധിച്ചതോടെ ഓടയ്ക്ക് മുകളിൽ സ്ലാബ് സ്ഥാപിച്ചു.
മൂന്ന് ആഴ്ചയോഴമായി ഓടയ്ക്ക് മുകളിൽ പലക സ്ഥാപിച്ച നിലയിലായിരുന്നു. നേരത്തെയും ഇവിടെ അപകടമുണ്ടായിട്ടുള്ളതായി പ്രദേശവാസികൾ പറയുന്നു.
ഇപ്പോൾ ഓടനിർമ്മാണം ഏതാണ്ട് നിലച്ച മട്ടാണെന്നും ആളുകൾക്ക് കടന്നു പോകാൻ പലകകൾ മാത്രമാണ് ഇവിടെ നിരത്തിയിട്ടിരിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.