Thursday, November 14, 2024
Latest:
KeralaTop News

ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനം; സിപിഎം പരാതിയിൽ കേസില്ല, നിയമോപദേശത്തിന് ശേഷം തുടർനടപടി

Spread the love

പാലക്കാട് : യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തില്ല. ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കള്ളപ്പണമായിരുന്നില്ലെങ്കിൽ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. കേസെടുത്താലും എഫ്ഐആ‍ര്‍ നിലനിൽക്കില്ലെന്നാണ് വിലയിരുത്തൽ. ആ സാഹചര്യത്തിൽ സിപിഎം നേതാക്കളുടെ പരാതിയിൽ നിയമോപദേശം തേടിയ ശേഷം മാത്രം തുടർനടപടിയെന്ന നിലപാടിലാണ് പൊലീസ്. ഇന്ന് നിയമപദേശം തേടിയ ശേഷം കേസ് എടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

കോൺഗ്രസ്‌ നേതാക്കൾ എത്തിയ ഹോട്ടലിലെ സിസിടിവി ഹാർഡ് ഡിസ്ക് പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. യൂത്ത് കോൺഗ്രസ്‌ നേതാവ് ട്രോളി ബാഗുമായി ഹോട്ടലിൽ എത്തുന്ന ദൃശ്യങ്ങൾ സിപിഎമ്മും ഇന്നലെ പുറത്തു വിട്ടു. ബാഗിൽ കള്ളപ്പണം കടത്തിയെന്നതാണ് സിപിഎം ആരോപണം. രാവിലെ 7.30നു ട്രോളി ബാഗുമായി പാലക്കാട്‌ കോട്ടമൈതാനിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചിട്ടുണ്ട്.

അതെ സമയം വനിതാ നേതാക്കളുടെ മുറിയിൽ പോലീസ് അതിക്രമിച്ചു കടന്നെന്ന് ചൂണ്ടിക്കാട്ടി തുടർപ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

ഹോട്ടലിൻ്റെ പരാതിയിൽ കേസ്

അതേ സമയം കോൺ​ഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിക്കുന്ന ഹോട്ടലിൽ നടത്തിയ പാതിരാ റെയ്ഡിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു. കെപിഎം ഹോട്ടലിൻ്റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ റെയ്ഡ് നടന്നത്. കള്ളപ്പണം കണ്ടെത്താനായിരുന്നു പരിശോധനയെന്ന് പൊലീസ് പറയുന്നു. കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പിടിച്ചെടുത്തു.

അതിനിടെ, കോൺ​ഗ്രസ് നേതാക്കൾ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താൻ ദൃശ്യങ്ങളുമായി സിപിഎം രം​ഗത്തെത്തി. കെപിഎം ഹോട്ടലിലെ ഇന്നലത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു സിപിഎം.