മാധ്യമങ്ങള്‍ക്കും ദുരൂഹത നിലനിര്‍ത്താനാണ് താത്പര്യം, ട്രോളി ബാഗില്‍ പണം മാറ്റാന്‍ ഇത് 1980കളല്ലല്ലോ; ഷാഫി പറമ്പില്‍
കോണ്‍ഗ്രസിനെതിരെ സിപിഐഎം ഉന്നയിച്ച കള്ളപ്പണ ആരോപണത്തെ പൂര്‍ണമായി തള്ളി ഷാഫി പറമ്പില്‍ എംപി. ട്രോളി ബാഗ് നിറയെ പണം കൊണ്ടുനടക്കാന്‍ ഇത് 1980 ഒന്നുമല്ലല്ലോ എന്ന് ഷാഫി പറമ്പില്‍ ചോദിച്ചു. ഇന്നലെ വരെ ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പണമുണ്ടെന്നായിരുന്നു ആരോപണം. അത് പൊളിഞ്ഞപ്പോള്‍ രാഹുലിന്റെ നീല ട്രോളി ബാഗില്‍ എത്ര മുണ്ടുണ്ടെന്നായി ചര്‍ച്ച. ഇന്നലെ നടന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമായ വൃത്തികെട്ട നാടകമായിരുന്നെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.
മാധ്യമങ്ങള്‍ക്കുനേരെയും ഷാഫി പറമ്പില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. മാധ്യമങ്ങള്‍ക്കും ദുരൂഹതയിലല്ലാതെ യാഥാര്‍ത്ഥ്യങ്ങളില്‍ താത്പര്യമില്ല. ദുരൂഹത ലൈവായി നിര്‍ത്താനാണ് മാധ്യമങ്ങളും ശ്രമിക്കുന്നത്. പൊളിഞ്ഞ വാദങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ സിപിഐഎമ്മിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. വനിതാ പൊലീസുവരുന്നതുവരെ ബിജെപി വനിതാ നേതാക്കളുടെ മുറിയില്‍ റെയ്ഡ് നടത്താന്‍ പൊലീസ് മടിച്ചിരുന്നു. എന്നാല്‍ ഷാനിമോളുടേയും ബിന്ദു കൃഷ്ണയുടേയും കാര്യത്തില്‍ ഈ മടി ഉണ്ടായിരുന്നില്ലെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.
താന്‍ ഹോട്ടലില്‍ നിന്ന് പിന്‍വാതിലൂടെ പുറത്തേക്ക് ഇറങ്ങിയെന്ന ആരോപണം തെളിക്കുന്ന എന്തെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ വെല്ലിവിളിച്ചുകൊണ്ടാണ് ഇന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്തത്. തന്റ നീല ട്രോളി ബാഗ് പരിശോധിക്കാന്‍ പൊലീസിന് നല്‍കാന്‍ തയാറാണെന്നും പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം താന്‍ പ്രചാരണം നിര്‍ത്താന്‍ തയാറാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വെല്ലുവിളിച്ചു. പൊലീസിന് ആ പണം കണ്ടെത്തി ആരോപണങ്ങള്‍ തെളിയിക്കാന്‍ വളരെയെളുപ്പമല്ലേ എന്നിട്ടും ഇതുവരെ പണമെവിടെയെന്ന് കണ്ടെത്താത്തത് എന്താണെന്നും രാഹുല്‍ ചോദിച്ചു. പൊലീസും പാര്‍ട്ടി മാധ്യമവും വരെ സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു.
സംശയാസ്പദമായി ഒരു തെളിവും അവര്‍ക്കാര്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല. ഇവരെയൊക്കെ നിയന്ത്രിക്കാന്‍ തനിക്ക് കഴിയുമെന്നാണെങ്കില്‍ തന്നെ എല്‍ഡിഎഫ് കണ്‍വീനറാക്കിക്കൂടേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.