Top NewsWorld

അമേരിക്കൻ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കമല കീഴടങ്ങുന്നത് ട്രംപിനെ വിറപ്പിച്ച്

Spread the love

ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിന്റെ പടികൾ നടന്നു കയറുന്നത് കാണാൻ അമേരിക്ക ഇനിയും കാത്തിരിക്കണം. അമേരിക്ക കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഡൊണൾഡ് ട്രംപിനെ വിറപ്പിച്ചാണ് കമല ഹാരിസ് കീഴടങ്ങുന്നത്.

ഭരണത്തുടർച്ചക്കായി വീണ്ടും കച്ച കെട്ടിയ ജോ ബൈഡൻ ആദ്യ സംവാദത്തിലെ കനത്ത പരാജയത്തെ തുടർന്ന് പിന്മാറിയപ്പോൾ നറുക്ക് വീണത് കമല ഹാരിസിനായിരുന്നു. ഏകപക്ഷീയമായ വിജയം സ്വപ്നം കണ്ടിരുന്ന ട്രംപിന് കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം തിരിച്ചടിയായി. പിന്നീട് കളമൊരുങ്ങിയത് അമേരിക്ക കണ്ട ഏറ്റവും വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിനാണ്.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ടാമത്തെ വനിതയാണ് കമല ഹാരിസ്. തന്റെ മുന്ഗാമിയായിരുന്ന ഹിലരി ക്ലിന്റണെക്കാൾ കടുത്ത മത്സരം ട്രംപിന് നല്കാൻ കമല ഹാരിസിനായി.

കലുഷിതമായ നാല് വർഷങ്ങളാണ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് കമല നയിച്ചത്. മധ്യ അമേരിക്കയിൽ നിന്നുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ചുമതലയായിരുന്നു കമല ഹാരിസിന് മുഖ്യമായും ലഭിച്ചത്. എന്നാൽ തീരുമാനങ്ങൾ എടുക്കുന്നതിൽ സ്വാതന്ത്ര്യമില്ലായ്മ പലപ്പോഴും പിന്നോട്ടടിച്ചു. മധ്യേഷ്യൻ സംഘർഷങ്ങളുടെ പേരിൽ പലപ്പോഴും പ്രതിക്കൂട്ടിൽ നിന്നത് കമലയുടെ പ്രതിച്ഛായക്ക് മേൽ കരിനിഴൽ വീഴ്ത്തി. യുക്രൈൻ- റഷ്യ യുദ്ധവും നിയന്ത്രിക്കാനാവാത്തതും തിരിച്ചടിയായി.
സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമെന്ന നിലയിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണം എത്തിക്കാൻ ട്രംപിന് സാധിച്ചു. സ്ത്രീയെന്നതും, ന്യൂനപക്ഷമെന്നതും തിരിച്ചടിച്ചു. ഡെമോക്രറ്റുകൾക്ക് വോട്ട് ചെയ്യുന്ന കറുത്ത വർഗക്കാർക്കിടയിൽ കമലക്ക് ജനപ്രീതി കുറഞ്ഞിരുന്നു.

ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ കമലക്ക് തോൽവി പിണഞ്ഞത് വിവിധ കാരണങ്ങൾ കൊണ്ടാണ്. മധ്യേഷ്യയിലെ യുദ്ധവും ഇസ്രയേലിനൊപ്പം നിൽക്കാനുള്ള അമേരിക്കൻ നിലപാടും അറബ് വംശജർ ഏറെയുള്ള മിഷിഗണിൽ തിരിച്ചടിയായി. പെന്സില്വാനിയയിൽ ലാറ്റിൻ വോട്ടുകൾ ഏകീകരിക്കാൻ കഴിയാതിരുന്നത് തിരിച്ചടിയായി. അനുകൂല ഘടകങ്ങൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ തവണ ബൈഡനൊപ്പം നിന്ന സംസ്ഥാനം കൈവിട്ടത് തോൽവിക്ക് ആക്കം കൂട്ടി. വിവാദ വിഷയങ്ങളായ ഗർഭഛിദ്ര നിരോധനം, സ്ത്രീസുരക്ഷ എന്നിവ ഉയർത്തികാട്ടിയെങ്കിലും വോട്ടർമാരെ സ്വാധീനിക്കാനായില്ല.