പനപ്പായയിൽ നോട്ടുകെട്ടുകൾ കൊണ്ടുപോയ പാരമ്പര്യം കോൺഗ്രസിന്റേതല്ല; എം.എം ഹസ്സൻ
ഇന്നലെ പാലക്കാട് നടന്ന പാതിരാ റെയ്ഡ് വനിതാ കോൺഗ്രസ് നേതാക്കളെ മനഃപൂർവ്വം അപമാനിക്കാനായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ.വനിതാ പൊലിസ് എത്തിയപ്പോഴാണ് ഷാനിമോൾ ഉസ്മാൻ മുറിയിലെ വാതിൽ തുറന്നു കൊടുത്തിരുന്നത്. പാതിരാ പരിശോധനയ്ക്ക് പിന്നിൽ മന്ത്രി എംബി രാജേഷ് ആണെന്നും മന്ത്രി രാജിവെക്കണമെന്നും എംഎം ഹസ്സൻ കുറ്റപ്പെടുത്തി.
വനിതാ നേതാക്കളെ അപമാനിച്ച പൊലിസുകാരെ സസ്പെൻഡ് ചെയ്യണം.പനപ്പായയിൽ നോട്ടുകെട്ടുകൾ കൊണ്ടുപോയ പാരമ്പര്യം കോൺഗ്രസിന്റേതല്ല. ഹേമ കമ്മിറ്റി പറഞ്ഞ കതകിൽ മുട്ടുന്ന ജോലി പിണറായി പൊലിസ് ഏറ്റെടുത്തു. പൊലീസ് എന്തുകൊണ്ട് പി കെ ശ്രീമതിയുടെ മുറി പരിശോധിച്ചില്ല?. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘത്തിൻ്റെ നിർദേശപ്രകാരമാണ് മന്ത്രി എം ബി രാജേഷ് പ്രവർത്തിക്കുന്നത്. ഇതാണ് പിണറായി പൊലീസിന്റെ ഇപ്പോഴത്തെ അവസ്ഥ. അർദ്ധരാത്രിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ നേതാക്കളുടെ മുറിയിലേക്ക് ചെന്ന് മുട്ടുന്നതെന്തിനാണ് ഇത് നിസാരമായി കാണാൻ കഴിയുന്ന ഒന്നല്ല. പൊലീസ് ബിന്ദു കൃഷ്ണയുടെ മുറി തള്ളി തുറക്കുകയാണ് ഉണ്ടായത്. സംഭവം നടന്ന ഉടനെ അവിടേക്ക് എങ്ങിനെയാണ് കൃത്യ സമയത്ത് സിപിഎം -ബിജെപി പ്രവർത്തകർ എത്തിയത്. പരിശോധന ബിജെപി -സിപിഎം ഡീലാണെന്നും തികച്ചും ആസൂത്രിതമായ സംഭവമാണിതെന്നും എം എം ഹസ്സൻ വ്യക്തമാക്കി.
അതേസമയം, കുഴൽപ്പണം എന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഹോട്ടൽ മുറികളിൽ പരിശോധന നടത്തിയതെന്ന് എസ് പി ആർ ആനന്ദ് ട്വന്റി ഫോറിനോട് പറഞ്ഞു. പരിശോധന എല്ലാ പാർട്ടിക്കാരുടെ മുറിയിലും നടത്തിയെന്നും പരിശോധനകൾ തുടരുമെന്നും എസ്പി വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ അതിശക്തമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചിരുന്നത്. ”ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകം കോണ്ഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ഇത് ചോദ്യം ചെയ്തത്. മന്ത്രി എം ബി രാജേഷും ഭാര്യ സഹോദരനും ബിജെപി നേതാക്കളുമാണ് തിരക്കഥയ്ക്ക് പിന്നിൽ. വനിത പ്രവർത്തക ഒറ്റയ്ക്ക് താമസിക്കുമ്പോൾ മഫ്തിയിൽ വന്ന് മുറിയിൽ മുട്ടി, എന്ത് അപമാനകരമാണ്. കേരള പൊലീസിനെ ഏറ്റവും നാണംകെട്ട പൊലീസ് ആക്കി. മഫ്തിയിൽ വന്ന പൊലീസുകാരന്റെ കയ്യിൽ ഐഡി കാർഡ് പോലും ഇല്ലായിരുന്നു.
രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന പൊലീസുകാർ ചെവിയിൽ നുള്ളിക്കോളൂ ഈ ഭരണത്തിന്റെ അവസാനമായി. അഴിമതിയുടെ പണപ്പെട്ടി ക്ലിഫ് ഹൗസിലാണ് ഉള്ളത്. എം ബി രാജേഷ് ഒരു നിമിഷം കസേരയിൽ ഇരിക്കാൻ യോഗ്യനല്ല.അദ്ദേഹം രാജിവച്ച് ഇറങ്ങിപ്പോകണം, തിരഞ്ഞെടുപ്പിന് മുമ്പ് രാജിവെച്ചില്ലെങ്കിൽ ശക്തമായ സമരം ഉണ്ടാകുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.