KeralaTop News

‘പോലീസിനെ ഉപയോഗിച്ച് വൃത്തിക്കെട്ട ഗൂഢാലോചന നടത്തി’; രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍

Spread the love

പാലക്കാട് ഹോട്ടലില്‍ പൊലീസ് നടത്തിയത് സ്വാഭാവിക പരിശോധനയല്ലെന്ന് ഷാഫി പറമ്പില്‍. പോലീസിനെ ഉപയോഗിച്ച് വൃത്തിക്കെട്ട ഗൂഢാലോചന നടന്നുവെന്നാണ് ഷാഫിയുടെ ആരോപണം. പരിശോധന തിരക്കഥയുടെ ഭാഗമെന്നും ഷാഫി ആരോപിച്ചു. സ്ത്രീകളുള്ള ഒരു മുറിയിലേക്ക് മുന്നറിയിപ്പ് ഇല്ലാതെ കയറി. അവര്‍ എന്ത് ധൈര്യത്തിലാണ് മുറി തുറക്കേണ്ടത്? മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ മുറികളിലും പരിശോധന നടന്നു. എന്ത് കൊണ്ട് ഇത് വാര്‍ത്തയായില്ല ? ഷാഫി ചോദിക്കുന്നു.

സുരേന്ദ്രന്റെ ആരോപണങ്ങള്‍ ഉണ്ടയില്ലാത്ത വെടിയെന്ന് പരിഹസിച്ച ഷാഫി ബിജെപിയും സിപിഎമ്മും പരസ്പരം അപരന്മാരെ പോലും വെച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ മുറിയില്‍ കയറിയതിനെതിരെ രാഷ്ട്രീയം മാറ്റി വെച്ച് നേരിടുമെന്നും ഷാഫി പറഞ്ഞു. നിയമപരമായി നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പരാതിയില്‍ പോലീസ് സ്വീകരിക്കുന്ന നടപടിക്ക് അനുസരിച്ച് മറ്റ് കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരെയും സംശയം ഉണ്ടെന്ന് പറഞ്ഞുവെന്നും ഇതിനെതിരെ പ്രതികരിച്ചില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസതയെയാണ് ചോദ്യം ചെയ്തത്. പോലീസ് ആദ്യം മാധ്യമങ്ങളെ അറിയിച്ചു. ഇതൊക്കെ എങ്ങനെ പുറത്ത് വരുന്നു. ഒന്നും പറയാന്‍ ഇല്ലാത്തവരുടെ അവസാനത്തെ കച്ചിത്തുരുമ്പാണിത് – ഷാഫി ചൂണ്ടിക്കാട്ടി. തൃശൂര്‍ പൂരം പോലൊരു സമയത്ത് ഗൂഢാലോചന നടത്തിയവര്‍, ഇവിടെയും നടത്തും. ഹോട്ടലില്‍ ട്രോളി കൊണ്ടുവന്നവരെ എല്ലാം പരിശോധിക്കട്ടെ. എത്ര പേര്‍ വാഹനത്തില്‍ വരുന്നു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.