റീസണബിൾ ഇൻഫർമേഷൻ’ എന്നാദ്യം, പിന്നീട് നിലപാട് മാറ്റി; പൊലീസ് പ്രതികരണത്തിൽ വൈരുദ്ധ്യം
പാലക്കാട് കെപിഎം റസിഡൻസിയിൽ നടത്തിയ പരിശോധനയിൽ പൊലീസ് പ്രതികരണത്തിൽ വൈരുദ്ധ്യം. റിസണബിൾ ഇൻഫർമേഷന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് പൊലീസ് ആദ്യം വ്യക്തമാക്കിയിരുന്നത്. പരാതിയുണ്ടെന്നും പൊലീസ് ആദ്യം പറഞ്ഞിരുന്നത്. തുടർന്നാണ് മുറികളിലെ പരിശോധനകളിലേക്ക് കടന്നത്.
എന്നാൽ പാലക്കാട് എഎസ്പി പരിശോധന പൂർത്തിയായ ശേഷം പറഞ്ഞത് സ്വഭാവിക പരിശോധന എന്നാണ്. ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല പരിശോധന നടത്തിയതെന്ന് എഎസ്പി അശ്വതി ജിജി പറഞ്ഞു. മഫ്തിയിലാണ് പൊലീസ് ആദ്യം ഹോട്ടലിൽ എത്തിയത്. പാലക്കാട് നോർത്ത് പൊലീസ് ആണെത്തിയത്. പിന്നാലെ തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും സ്ഥലത്തെത്തി.
പണമിടപാടെന്ന വിവരം ലഭിച്ചെന്ന് സ്ക്വാഡ് പറഞ്ഞിരുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാതെയാണ് പരിശോധനയ്ക്കായി എത്തിയത്. ഇത് വനിതാ കോൺഗ്രസ് നേതാക്കൾ എതിർത്തതോടെയാണ് പ്രശ്നം വഷളായത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി വ്യക്തമാക്കിയിരുന്നു. 12 മുറികളിൽ പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എഎസ്പി അറിയിച്ചു.