ഓഹരി വിപണിയിൽ തിരിച്ചടി, റിസർവ് ബാങ്കിന്റെ നിർണായക നീക്കം: ഡോളറുകൾ വിൽക്കാൻ സാധ്യത എന്ന റിപ്പോർട്ട്
ഓഹരി വിപണിയിലെ തിരിച്ചടിയും രൂപയുടെ മൂല്യം കുത്തനെ താഴേക്ക് പതിക്കുന്നതുമായ സാഹചര്യത്തിൽ ഡോളറുകൾ വിൽക്കാൻ റിസർവ്ബാങ്ക് നീക്കം തുടങ്ങിയെന്ന് വിവരം. രൂപയെ ബലപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ എന്നാണ് വിവരം. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഡോളറിന് 84.10 രൂപയാണ് മൂല്യം.
ഇന്ത്യൻ ഓഹരി സൂചികകളായ ബിഎസ്ഇ സെൻസെക്സും നിഫ്ടി 50 ഉം ഇന്ന് ഒന്നര ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. അമേരിക്കയിൽ ആര് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തും എന്നതിൽ ഇപ്പോഴും വ്യക്തതയില്ലാത്തതാണ് ഓഹരി വിപണികൾ താഴേക്ക് പോകുന്നതിൽ പ്രധാന കാരണം. ലോകത്ത് നടക്കുന്ന യുദ്ധങ്ങളും എണ്ണ ഉല്പാദക രാജ്യങ്ങൾ ഉൽപാദനം കൂട്ടാത്തതും, ഇന്ധന വിലവർധനവും മൂലം കയ്യിലുള്ള ഓഹരികൾ വിറ്റഴിച്ച് തങ്ങളുടെ കീശ കാലി ആകാതെ നോക്കുകയാണ് നിക്ഷേപക സമൂഹം.
രാവിലെ വ്യാപാരത്തിൽ സെന്സെക്സ് ഇടിഞ്ഞത് ആയിരം പോയന്റിലേറെയാണ്. ബാങ്ക്, ഐടി ഓഹരികളാണ് കനത്ത തിരിച്ചടി നേരിട്ടത്. ഇന്ത്യൻ കമ്പനികളിലെ 1.13 ലക്ഷം കോടി രൂപയുടെ വിദേശനിക്ഷേപം ഒക്ടോബറിൽ പിൻവലിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വൻ കുതിപ്പ് തുടർന്നിരുന്ന ഇന്ത്യൻ ഓഹരി സൂചകങ്ങൾ ഇതേതുടർന്ന് 8% ത്തോളം താഴേക്ക് പതിച്ചു.
നിഫ്റ്റി ലിസ്റ്റ് ഓഹരികളുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ പ്രകടനം നിരാശജനകമാണ്. പല കമ്പനികളുടെയും ഏർണിങ് 10% ത്തോളം താഴേക്ക് പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിപിസിഎൽ, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമന്റ്, എൻടിപിസി, കോൾ ഇന്ത്യ, മാരുതി സുസുക്കി, നെസ്‌ലെ ഇന്ത്യ, റിലയൻസസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയ ഓഹരികളുടെയെല്ലാം പ്രകടനം പിന്നോട്ടാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.