KeralaTop News

നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു; മരണം മൂന്നായി

Spread the love

കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. നീലേശ്വരം കൊല്ലം പാറ സ്വദേശി ബിജുവാണ് മരിച്ചത്. 38 വയസായിരുന്നു.

അപകടത്തില്‍ 50 ശതമാനത്തിലേറെ ബിജുവിന് പൊള്ളലേറ്റിരുന്നു. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജുവിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററില്‍ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം മൂന്നായി.

100 പേര്‍ക്കാണ് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റത്. ഇതില്‍ 32 പേര്‍ ഐസിയുവില്‍ തുടരുകയാണ്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിലാണ് അപകടം നടന്നത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രമായിരുന്നു. നൂറ് മീറ്റര്‍ അകലം വേണമെന്ന ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു വെടിക്കെട്ട്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് കമ്പപ്പുര തീഗോളമായി മാറിയത്.

പടക്കപുരയ്ക്ക് അടുത്ത് വച്ച് പടക്കത്തിന് തിരികൊളുത്തുകയും, കാണികള്‍ക്ക് സമീപം പടക്കം അലക്ഷ്യമായി കൈകാര്യം ചെയ്യുകയും ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കമ്പപ്പുരയ്ക്ക് ചുറ്റും ക്ഷേത്രപരിസരത്തുമായി ഈ സമയം മൂവായിരത്തോളം പേര്‍ ഉണ്ടായിരുന്നു. കമ്പപ്പുരയ്ക്ക് സമീപത്തുണ്ടായിരുന്നവര്‍ക്കാണ് പൊള്ളലേറ്റത്. അഞ്ചുപേര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ആശുപത്രിയിലുള്ളവരുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി സഭായോഗത്തില്‍ തീരുമാനിച്ചിരുന്നു.