എവിടെയും പോകില്ല,ഒരു ചർച്ചയ്ക്കും പ്രസക്തിയില്ല’; സന്ദീപ് വാര്യർ
സിപിഐഎം നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ. താൻ എവിടെയും പോകില്ലെന്നും ഒരു ചർച്ചയ്ക്കും പ്രസക്തിയില്ലെന്നും സന്ദീപ് വാര്യർ ട്വന്റിഫോറിനോട് പറഞ്ഞു. ബിജെപി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സന്ദീപിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ് സിപിഐഎമ്മും കോൺഗ്രസും.
കഴിഞ്ഞ തിങ്കളാഴ്ച പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനോടെയാണ് പടല പിണക്കത്തിന്റെ ആരംഭം. വേദിയിൽ സീറ്റ് നൽകാതെ അപമാനിച്ചു എന്ന പരാതിയിൽ സന്ദീപ് വാര്യർ നേതൃത്വവുമായി ഇടഞ്ഞു. പ്രചാരണത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുന്ന സന്ദീപിനെ കൂടെ കൂട്ടാനുള്ള നീക്കം സിപിഐഎം നടത്തിയതോടെ സന്ദീപ് സിപിഐ എമ്മിലേയ്ക്കോ എന്ന ചർച്ച സജീവമായി. എന്നാൽ സിപിഐഎം നേതാക്കളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമോ എന്ന ചോദ്യത്തിന് പക്ഷേ മറുപടിയില്ല. സന്ദീപ് വാര്യർക്ക് അധികകാലം ബിജെപി പാളയത്തിൽ നിൽക്കാൻ കഴിയില്ലെന്ന് എ കെ ബാലൻ ചൂണ്ടയെറിഞ്ഞു. സന്ദീപുമായി ചർച്ചയുണ്ടോ എന്ന ചോദ്യത്തിന് ഇവിടെ അല്ലെങ്കിൽ തന്നെ പ്രശ്നമുണ്ടെന്നായിരുന്നു കെ. മുരളീധരൻ്റെ മറുപടി.
സന്ദീപ് വാരിയർക്ക് മുന്നിൽ വാതിലടയ്ക്കില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും മന്ത്രി എം ബി രാജേഷിൻ്റെയും പ്രതികരണം. സന്ദീപ് നിലപാട് വ്യക്തമാക്കിയ ശേഷം തുടർ നീക്കങ്ങൾ മതിയെന്നതാണ് നിലവിൽ പാർട്ടി തീരുമാനവും. പാലക്കാട് മണ്ഡലത്തിൽ വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്ന ബിജെപിയ്ക്ക് അപ്രതീക്ഷിതമായി ഉണ്ടായ തലവേദനയാണ് സന്ദീപ് വാര്യരുടെ പിണങ്ങിപ്പോകൽ.