KeralaTop News

സന്ദീപ് വാര്യർക്ക് ബിജെപി വിടാൻ കഴിയില്ലെന്ന് സി. കൃഷ്ണകുമാർ; സന്ദീപ് കഴിവുള്ള നേതാവെന്ന് സരിൻ

Spread the love

ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ പാർട്ടി വിടുമെന്ന റിപ്പോർട്ടുകളോട് പ്രതികരണവുമായി പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി ക‍ൃഷ്ണകുമാർ. സന്ദീപ് വാര്യർക്ക് ബിജെപി വിടാൻ കഴിയില്ലെന്ന് കൃഷ്ണകുമാർ‌ പ്രതികരിച്ചു. താനും സന്ദീപെല്ലാം ആർഎസ്എസ് ശാഖയിലൂടെ വളർന്നവരാണ്. കൺവെൻഷനിൽ ഒരു അവഗണനയും സന്ദീപിന് ഉണ്ടായിട്ടില്ലെന്ന് കൃഷ്ണകുമാർ‌ പറഞ്ഞു.

എന്തെങ്കിലും കച്ചിത്തുരുമ്പ് കിട്ടുമോ എന്ന നോക്കുകയാണ് സിപിഎം നേതാക്കൾ. പാലക്കാട്ടെ ജനകീയ മുഖങ്ങളെ പോയി കാണുകയാണെന്ന് കൃഷ്ണകുമാർ‌ കുറ്റപ്പെടുത്തി. അതേസമയം സന്ദീപ് വാര്യരെ പ്രശംസിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ ര​ഗത്തെത്തി. സന്ദീപ് വാര്യർ കഴിവുള്ള നേതാവാണെന്ന് സരിൻ പറഞ്ഞു.

ബിജെപിയിൽ സന്ദീപിന് അടക്കം അതൃപ്തി ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ടെന്ന് സരിൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. ബിജെപി ആശയവും സന്ദീപിന്റെ ആശയങ്ങളും രണ്ടും രണ്ടാണെന്ന് തോന്നിയിട്ടുണ്ട്. സന്ദീപിനെ പാർട്ടിയിലേക്ക് ക്ഷണിക്കണോ വേണ്ടയോ എന്നത് മുതിർന്ന നേതാക്കൾ തീരുമാനിക്കേണ്ട കാര്യമാണെന്ന് സരിൻ‌ പറഞ്ഞു. പുനഃസംഘടനയിൽ നല്ല അംഗീകാരം സന്ദീപ് പ്രതീക്ഷിച്ചിരിക്കാം. തന്നെ കൊണ്ടുവന്ന പോലെ കൊണ്ടുവരണമോയെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും സരിന്‌ പറഞ്ഞു.

ബിജെപി നേതാക്കളുടെ അനുനയ നീക്കം പാളിയതിനെ തുടർന്നാണ് സന്ദീപ് പാർട്ടി വിടാനൊരുങ്ങുന്നത്. ബിജെപിയിൽ തുടരാൻ മാനസികമായി തനിക്ക് സാധിക്കില്ലെന്ന് സന്ദീപ് ഉറപ്പിച്ച് നേതാക്കളോട് പറഞ്ഞുകഴിഞ്ഞെന്നാണ് വിവരം. ബിജെപിയിൽ താൻ അത്രയധികം അപമാനിതനായി കഴിഞ്ഞെന്നും ഇനി തുടരാൻ പറ്റില്ലെന്നുമാണ് സന്ദീപ് വാര്യരുടെ ഉറച്ച നിലപാട്. കഴിഞ്ഞ ദിവസം ഉന്നതനായ ഒരു സിപിഐഎം നേതാവ് ചെത്തല്ലൂരിൽ വച്ച് സന്ദീപ് വാര്യരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.