NationalTop News

ചിക്കനും മട്ടനുമൊക്കെ ദീപാവലിക്ക് ശേഷം മതി, ഫുഡ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് താക്കിതുമായി ഡെലിവറി ബോയ്

Spread the love

ദീപാവലിക്ക് ഫുഡ് ഡെലിവറി ആപ്പിലൂടെ ബിരിയാണി ഓര്‍ഡര്‍ ചെയ്ത ഡല്‍ഹി സ്വദേശിക്ക് താക്കിതുമായി ഡെലിവറി ബോയ്. ദീപാവലിക്ക് ആരെങ്കിലും മാംസം കഴിക്കുമോ എന്നായിരുന്നു ഡെലിവറി ബോയിയുടെ ചോദ്യം. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

തനിക്ക് നേരിട്ട വിചിത്ര അനുഭവം ഉപയോക്താവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതിന് പിന്നാലെ സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചു. നിങ്ങള്‍ ചെയ്യുന്നത് ശരിയല്ലെന്നും ദീപാവലിക്ക് ശേഷം ചിക്കനും മട്ടനും കഴിക്കുക, അതുവരെ ശുദ്ധമായ എന്തെങ്കിലും കഴിക്കൂ എന്നായിരുന്നു ഡെലിവറി ബോയ് നല്‍കിയ താക്കിത്.

ദീപാവലിക്ക് രണ്ട് ദിവസം മുമ്പാണ് യുവാവ് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. തനിക്ക് ഭക്ഷണം ഡെലിവര്‍ ചെയ്തതിന് ശേഷം ഡെലിവറി ബോയ് പോകാന്‍ തയ്യാറായില്ലെന്ന് യുവാവ് കുറിപ്പില്‍ പറയുന്നു. ചിക്കനും മട്ടനുമൊക്കെ ദീപാവലി സമയത്ത് കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡെലിവറി ബോയ് താക്കിത് നൽകിയെന്നുമാണ് കുറിപ്പിലുള്ളത്. കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയ്ക്ക് ഇടയാക്കി.

യുവാവിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ഡെലിവറി ബോയിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. എന്തിനാണ് സ്വന്തം വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നതെന്നാണ് ഒരാള്‍ ചോദിച്ചത്. സദാചാര പൊലീസിങാണെന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.