ഒറ്റ തിരഞ്ഞെടുപ്പ് സേവനത്തിന് 100 കോടി രൂപ; ഫീസ് വെളിപ്പെടുത്തി പ്രശാന്ത് കിഷോർ
ബിഹാർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ ഫീസ് വെളിപ്പെടുത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഒറ്റ തിരഞ്ഞെടുപ്പ് സേവനത്തിന് തന്റെ ഫീസ് 100 കോടി രൂപക്ക് മുകളിലാണെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. നിലവിൽ 10 സംസ്ഥാന സർക്കാരുകൾ തന്റെ ഉപദേശങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
ബിഹാർ നിയമ സഭ ഉപതെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ ജൻ സുരാജ് പാർട്ടിയുടെ പ്രചാരണത്തിനിടെ യാണ് വെളിപ്പെടുത്തൽ. ഉപതെരഞ്ഞെടുപ്പിൽ 4 സീറ്റുകളിലും ജൻ സുരാജ് പാർട്ടിക്ക് സ്ഥാനാർഥികൾ ഉണ്ട്. “എൻ്റെ പ്രചാരണത്തിനായി എനിക്ക് മതിയായ പണമില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഞാൻ അത്ര ദുർബലനാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ബിഹാറിൽ എൻ്റേത് പോലെ ഫീസിനെ കുറിച്ച് ആരും കേട്ടിട്ടില്ല. ഒരു തിരഞ്ഞെടുപ്പിൽ ഞാൻ ഒരാൾക്ക് ഉപദേശം നൽകിയിൽ എൻ്റെ ഫീസ് 100 കോടി രൂപയോ അതിലധികമോ ആണ് ”അദ്ദേഹം പറഞ്ഞു.
അത്തരത്തിലുള്ള പണം ഉപയോഗിച്ച് അടുത്ത രണ്ട് വർഷത്തേക്ക് പ്രചാരണത്തിനാവശ്യമായ ഫണ്ട് നൽകാൻ തനിക്ക് സാധിക്കുമെന്നും പ്രശാന്ത് കിഷോർ പറയുന്നുയ ബെലഗഞ്ചിൽ നിന്ന് മുഹമ്മദ് അംജദ്, ഇമാംഗഞ്ചിൽ നിന്ന് ജിതേന്ദ്ര പാസ്വാൻ, രാംഗഢിൽ നിന്ന് സുശീൽ കുമാർ സിംഗ് കുശ്വാഹ, തരാരിയിൽ നിന്ന് കിരൺ സിംഗ് എന്നിവരാണ് ജൻ സുരാജ് പാർട്ടിയുടെ സ്ഥാനാർത്ഥികൾ. നവംബർ 13-നാണ് ഉപതിരഞ്ഞെടുപ്പ്. നവംബർ 23-ന് ഫലം പ്രഖ്യാപിക്കും.