കൊടകര കുഴൽപ്പണ കേസ്; ബിജെപിയ്ക്കായി എത്തിയത് 41 കോടി; ധർമ്മരാജന് പണം എത്തിച്ചത് കർണാടകയിലെ MLC ലഹർ സിംഗ്
കൊടകര കുഴൽപ്പണക്കേസിൽ കേരളാ പൊലീസ് ഇ.ഡിക്ക് അയച്ച കത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയ്ക്കായി സംസ്ഥാനത്ത് എത്തിയത് 41 കോടി രൂപയാണെന്ന് ഇ. ഡിയ്ക്കുള്ള കത്തിൽ വ്യക്തമാക്കുന്നുണ്ട്. കെ സുരേന്ദ്രനെതിരെയുള്ള ധർമ്മരാജന്റെ മൊഴിയും പണം എത്തിച്ചത് കർണാടക MLC ആയിരുന്ന ലഹർ സിംഗാണെന്ന കണ്ടെത്തലും കത്തിലുണ്ട്.
2021 ഓഗസ്റ്റ് എട്ടിനാണ് കൊടകര കുഴൽപണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കമ്മീഷണർ വികെ രാജു കൊച്ചിയിലെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് കത്തയച്ചത്. കവർച്ചയ്ക്ക് പിന്നിലെ ഹവാല ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. കുഴൽപ്പണത്തിന്റെ കണക്കും കേസിൽ സാക്ഷികളുടെ മൊഴിയും ഉൾപ്പെടെ കത്തിൽ വിശദമാക്കുന്നുണ്ട്. കർണാടകയിൽ നിന്ന് നേരിട്ട് 14 കോടി 40 ലക്ഷം കേരളത്തിലേക്ക് എത്തി. മറ്റ് ഹവാല റൂട്ടുകളിലൂടെ 27 കോടിയും. അങ്ങനെ ആകെ ബിജെപിക്കായി എത്തിയത് 41 കോടി നാൽപത് ലക്ഷം രൂപയാണെന്ന് കത്തിൽ പറയുന്നു.
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ഏഴ് കോടി തൊണ്ണൂറ് ലക്ഷം. വിവിധ മണ്ഡലങ്ങളിൽ വിതരണം ചെയ്തത് മുപ്പത്തിമൂന്നര കോടി രൂപയെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇടപാടുകൾ ബിജെപി നേതാക്കളായ എം ഗണേശും ഗിരീശൻ നായരും നിർദേശിച്ചത് അനുസരിച്ചെന്ന കേസിലെ പ്രതിയായ ധർമരാജന്റെ മൊഴിയും കത്തിലുണ്ട്. കെ സുരേന്ദ്രന് ഇക്കാര്യം അറിയാമായിരുന്നെന്നും ധർമരാജൻ മൊഴി നൽകി. ധർമ്മരാജന് പണം എത്തിച്ചത് കർണാടക എംഎൽസിയായിരുന്ന ലഹർ സിംഗ് ആണെന്നാണ് കണ്ടെത്തൽ.
ബാക്കി കള്ളപ്പണം തന്ന് വിട്ടത് സുന്ദർലാൽ അഗർവാൾ എന്ന ബാഗ്ലൂർ സ്വദേശി എന്ന് ധർമ്മരാജന്റെ മൊഴി. ഇവരെ കൂടാതെ സുധീർ സിംഗ് (തൃശൂർ സ്വദേശി ) , സച്ചിൻ സേട്ടു (മഹാരാഷ്ട്ര സ്വദേശി), ബി .പ്രദീപ് ( തൃശൂർ സ്വദേശി) , അശോക് കുമാർ ജെയിൻ ( രാജസ്ഥാൻ സ്വദേശി)എന്നിവർ ചേർന്ന് പണം എത്തിച്ച് നൽകിയെന്ന് പോലീസ് ഇഡിക്ക് അയച്ച കത്തിൽ പരാമർശിക്കുന്നു. കത്തയച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഇ. ഡി തുടർനടപടി സ്വീകരിക്കാത്തത് സിപിഐഎമ്മും മന്ത്രിമാരും ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു.