കൊടകരയിലെ തേഞ്ഞൊട്ടിയ ആരോപണത്തെ ആനക്കാര്യമായി കാണുന്നില്ല,ആര്‍ക്കും ആരെയും വിലക്കെടുക്കാമല്ലോ: കെ സുരേന്ദ്രന്‍
കൊടകരയില്‍ പിടിച്ച പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചതെന്ന ആരോപണം പൂര്‍ണമായി തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആര്‍ക്കും ആരെയും വിലയ്‌ക്കെടുക്കാമല്ലോ എന്നും ഇപ്പോഴത്തെ ഈ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്നുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ആര് ഇനിയും അന്വേഷിച്ചാലും തനിക്ക് ഒരു ഭയവുമില്ലെന്നും ഈ തേഞ്ഞൊട്ടിയ ആരോപണത്തെയൊന്നും താന്‍ ആനക്കാര്യമായി കാണുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കോടികളുടെ കുഴല്‍പ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസില്‍ എത്തിച്ചതെന്നായിരുന്നു കേസിലെ സാക്ഷിയും കുഴല്‍പ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍.
കൊടകര കുഴല്‍പ്പണ കേസില്‍ തന്നെ മൂക്കില്‍ വലിച്ചുകേറ്റുമെന്ന് പറഞ്ഞ് ഇഴകീറിയുള്ള അന്വേഷണം നടന്നതാണല്ലോ എന്നും എന്നിട്ടെന്തായി എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. അറസ്റ്റ് ചെയ്യണമെങ്കില്‍ അറസ്റ്റ് ചെയ്യട്ടേ എന്ന് പറഞ്ഞ് സിനിമയില്‍ ജഗതി പറയുന്നതുപോലെ പായുമായി റോഡില്‍ കിടക്കുകയല്ലേ ഞാന്‍. എനിക്കൊരു പേടിയുമില്ല. ചിരിച്ചുകൊണ്ട് സുരേന്ദ്രന്‍ പറഞ്ഞു. ഇത് തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് കണ്ടപ്പോള്‍ വന്ന ആരോപണമാണെന്നും ഇതിന് പിന്നില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പി ആര്‍ ഏജന്‍സിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
എ ശ്രീധരനെതിരെ മത്സരിച്ചപ്പോള്‍ കള്ളപ്പണമൊഴുക്കിയ കാര്യം ഷാഫി പറമ്പിലിനോട് മാധ്യമങ്ങളൊന്ന് ചോദിക്കണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുപറയാം. കൊടകരയിലേത് കുഴല്‍പ്പണ കേസല്ലെന്നും കൊടകര കവര്‍ച്ചാ കേസാണെന്നും ഇതുപോലെയുള്ള പല ബോംബുകളും താന്‍ കണ്ടിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.