KeralaTop News

സമസ്ത-മുസ്ലീം ലീഗ് തർക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക്; ഉമര്‍ ഫൈസി മുക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് ലീഗ്

Spread the love

കോഴിക്കോട്: സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള തർക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക്. സാദിഖലി തങ്ങളുടെ പാണ്ഡിത്യം ചോദ്യം ചെയ്ത സമസ്ത സെക്രട്ടറി ഉമ‌ർ ഫൈസി മുക്കത്തിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് മറുവിഭാഗം. ഇതിനായി സമസ്ത കോർഡിനേഷൻ കമ്മിറ്റി ഇന്ന് എടവണ്ണപ്പാറയിൽ സംഘടിപ്പിക്കുന്ന പൊതുയോഗം യുദ്ധപ്രഖ്യാപനം തന്നെയാകും. ഉമർ ഫൈസിയെ പുറത്താക്കണമെന്ന ആവശ്യം യോഗത്തിലുയരും.

അതേസമയം, സമസ്തയുടെ പണ്ഡിത സഭയായ മുശാവറയിലെ ലീഗ് വിരുദ്ധ പക്ഷം ഉമർ ഫൈസിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഉമർ ഫൈസിക്കും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുമെതിരായ ദുഷ്പ്രചാരണങ്ങള്‍ അനുവദിക്കില്ലെന്നാണ് സംയുക്ത പ്രസ്താവന. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ഉൾപ്പെടെയുള്ളവർ ഇതിന് കൂട്ടുനിൽക്കുന്നു.

മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയക്കാരാണ് സമസ്തയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് പറഞ്ഞാണ് ലീഗ് വിരുദ്ധ പക്ഷത്തിന്‍റെ പ്രതിരോധം. ഇതിനിടെ, മുക്കം ഉമര്‍ ഫൈസിക്കതിരെ നിലപാട് കടുപ്പിക്കുകയാണ് മുസ്ലീം ലീഗ്. ഉമര്‍ ഫൈസിക്കെതിരെ നടപടി വേണ്ടേ എന്ന ചോദ്യത്തിന് സമസ്ത ജനവികാരം കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു പ്രതിപക്ഷ ഉപനേതാവായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതി ഉണ്ടാവരുത്. ഉമര്‍ ഫൈസിയുടെ സ്പര്‍ദ്ധ വളര്‍ത്തുന്ന മോശം പരാമര്‍ശം സമസ്ത ഗൗരവത്തില്‍ തന്നെ എടുക്കുമെന്നാണ് കരുതുന്നതെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പ്രതികരിച്ചു.

പ്രസ്താവന സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതാണ്. കാര്യങ്ങൾ കൈവിട്ട് പോകുന്ന സ്ഥിതി ഉണ്ടാകരുതെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ. ബഷീർ എംഎൽഎയും രംഗത്തെത്തി. പാണക്കാട് കുടുംബം സമുദായം അംഗീകരിച്ചവരാണെന്നും ഇന്നലെ വന്നവർ ദേഷ്യവും വെറുപ്പും പറയുകയാണെന്നും പി.കെ.ബഷീർ പറഞ്ഞു. ഉമർ ഫൈസി അൽപത്തരം കാണിക്കുകയാണ്. ചിലർ സ്വന്തം കുഞ്ഞിനെ വരെ മാറ്റി പറയുമെന്നും പി.കെ ബഷീർ പറഞ്ഞു.