‘ചേലക്കരയിൽ പ്രചരണ സാമഗ്രികൾ കെട്ടിക്കിടക്കുന്നു; പോസ്റ്ററുകൾ കൃത്യമായ ഒട്ടിച്ചില്ല’; പ്രാദേശിക നേതാക്കളെ ശാസിച്ച് വിഡി സതീശൻ
യുഡിഎഫ് അവലോകനയോഗത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രാദേശിക നേതാക്കളെ ശാസിച്ച് വിഡി സതീശൻ. ചേലക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് ഏറെ പിന്നാലാണെന്ന് വിഡി സതീശൻ വിമർശിച്ചു. പോസ്റ്ററുകൾ കൃത്യമായ ഒട്ടിച്ചില്ലെന്നും മണ്ഡലത്തിലേക്ക് അച്ചടിച്ചു നൽകിയത് രണ്ടുലക്ഷം കൈപ്പത്തി ചിഹ്നമാണെന്നും വിഡി സതീശൻ പറഞ്ഞു.
പാർട്ടി ഓഫീസുകളിലും വീടുകളിലുമായി പ്രചരണ സാമഗ്രികൾ കെട്ടിക്കിടക്കുന്നുവെന്ന് വിഡി സതീശൻ വിമർശിച്ചു. ആവശ്യപ്പെട്ട മുഴുവൻ പ്രചരണ സാമഗ്രികളും ചേലക്കരയിൽ എത്തിച്ചുവെന്ന് അദ്ദേഹം അവലോകനയോഗത്തിൽ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് കുട്ടിക്കളിയല്ലെന്നും ഗൗരവത്തോടെ കാണണമെന്നും വിഡി സതീശൻ നിർദേശം നൽകി.
യുഡിഎഫ് അവലോകനയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തന്ത്രങ്ങളുമായി ഉപതെരഞ്ഞെടുപ്പിന് ഇറങ്ങരുതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. വയനാടും പാലക്കാടും വിജയമാവർത്തിച്ചതുകൊണ്ട് രാഷ്ട്രീയ വിജയം ആകില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിന്റെ പതിവ് രീതിയിലുള്ള സ്ക്വഡ് വർക്ക് കൊണ്ട് കാര്യമില്ല. സിപിഐഎമ്മും ബിജെപിയും രാഷ്ട്രീയം പറയുന്നു യുഡിഎഫ് പ്രവർത്തകർ ഇത് പിന്തുടരണമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. രമ്യാ ഹരിദാസിന്റെ പ്രചരണത്തിനായി കെ സി വേണുഗോപാൽ മണ്ഡലത്തിൽ എത്തിയിരുന്നു. കൃത്യമായ പ്രവർത്തനങ്ങളിലൂടെ അട്ടിമറി വിജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.