KeralaTop News

കോൺഗ്രസിനോട് സഹകരിക്കില്ല; വി ഡി സതീശൻ കോൺഗ്രസിന്റെ ശവകല്ലറ പണിയുന്നു’; വെള്ളാപ്പള്ളി നടേശൻ

Spread the love

കോൺഗ്രസിനോട് സമ്പൂർണ്ണ നിസഹകരണം പ്രഖ്യാപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി ഡി സതീശൻ കോൺഗ്രസിന്റെ ശവകല്ലറ പണിയുകയാണെന്ന് വിമർശനം. വിഡി സതീശന്റെ സമീപനമാണ് കോൺഗ്രസിന്റെ സർവനാശത്തിന് കാരണം. തൃശൂരിൽ കോൺഗ്രസ് വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചതെന്നു വെള്ളാപ്പള്ളി നടേശൻ.

തന്നെ ഏത് വിധത്തിൽ നശിപ്പിക്കാം എന്നാണ് കോൺഗ്രസുകാർ നടത്തിയതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തന്നോട് കാണിച്ചത് ശരിയാണോ തെറ്റാണോ എന്ന് വ്യക്തമാക്കാത്ത കാലത്തോളം സഹകരണമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനുള്ളിൽ തന്റെ നയത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിന് എതിരായ നിലപാടാണ് പ്രതിപക്ഷ നേതാവിനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു വീക്ഷണവും ഇല്ലാത്ത പ്രതിപക്ഷ നേതാവാണെന്നും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആരെയും ചെറുതായി കാണാൻ പാടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ന്യൂസ് മേക്കർ ആയി ഏത് തറ ലെവലിലും സതീശൻ പെരുമാറുന്നുവെന്നും ഇത്രയും തറ വർത്തമാനം പറയുന്ന പ്രതിപക്ഷ നേതാവിനെ കേരള ചരിത്രം കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മെമ്പറോ അനുഭാവിയൊ അല്ലെന്ന് അദ്ദേഹം പറഞ്ഞു. സത്യങ്ങൾ തുറന്നു പറയുമ്പോൾ തന്നെ കല്ലെറിയാൻ അല്ല ശ്രമിക്കേണ്ടതെന്നും അതാണ് കോൺഗ്രസ് ചത്ത കുതിരയാണെന്ന് പറയുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കോൺഗ്രസ് വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. കോൺഗ്രസ് പോകുന്നത് തെറ്റിൽ നിന്ന് തെറ്റിലേക്ക്. വടക്കൻ കേരളത്തിൽ പാർട്ടി വളർത്തിയ നേതാവാണ് കെ സുധാകരൻ. ആ നേതാവിനെ പോലും മുഖവിലക്ക് എടുക്കുന്നില്ല. സതീശൻ സ്റ്റൈൽ കാലത്തിന് ഇഷ്ടപ്പെട്ടതല്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.