അയോധ്യയിലെ കുരങ്ങന്മാർക്ക് നടൻ അക്ഷയ് കുമാറിൻ്റെ ദീപാവലി സമ്മാനം
അയോധ്യ രാമക്ഷേത്രത്തിന് ചുറ്റുമായി ഏകദേശം 1200 ലധികം കുരങ്ങുകളാണ് ഉള്ളത്. ഈ വർഷം ജനുവരിയിൽ ക്ഷേത്രം തുറക്കുന്നതുമുതൽ ലക്ഷക്കണക്കിന് ഭക്തരായിരിക്കും ഇവിടേക്ക് എത്തുക എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഇപ്പോഴിതാ ബോളിവുഡ് താരം അക്ഷയ്‌കുമാർ അയോധ്യ രാമക്ഷേത്രത്തിൻ്റെ പരിസരത്തുള്ള കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിനായി ഒരു കോടി രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്. മാത്രവുമല്ല ഭക്ഷണമെത്തിക്കുന്നതിനായി ഒരു ഫീഡിംഗ് വാനും അദ്ദേഹം നൽകി. അതിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും ഭാര്യ പിതാവും അന്തരിച്ച പ്രശസ്ത നടൻ രാജേഷ് ഖന്നയുടെയും പേരുകളാണ് എഴുതിയിരിക്കുന്നത്.
ക്ഷേത്രത്തിലെത്തുന്ന ഭക്തർ കഴിച്ച് ഉപേക്ഷിച്ച ഭക്ഷണമാണ് പലപ്പോഴും കുരങ്ങുകൾ ആശ്രയിക്കുന്നത്. ഇവർക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള സഹായവുമായാണ് അക്ഷയ് കുമാർ ഇപ്പോൾ മുന്നോട്ട് വന്നിട്ടുള്ളത്.അയോധ്യയില കുരങ്ങുകൾക്ക് ദിവസേന ഭക്ഷണം നൽകുക എന്നതാണ് ലക്ഷ്യം. ഇതിലേക്കായി നടൻ ആദ്യം 1000 രൂപയാണ് സംഭാവന നൽകിയത്. പിന്നീട് ഇവിടുത്തെ വാനരന്മാർക്ക് ദൈനംദിന ഭക്ഷണം ഉറപ്പ് വരുത്താൻ ഒരു കോടി രൂപ നൽകുകയായിരുന്നു.
തീർത്ഥാടകർക്ക് യാതൊരു അസൗകര്യവുമില്ലാതെ മൃഗങ്ങൾക്ക് ശരിയായതും പോഷകസമ്പന്നവുമായ ഭക്ഷണം ലഭിക്കാനും ക്ഷേത്ര പരിസരം വൃത്തിയായി സൂക്ഷിക്കാനാകുമെന്ന കാഴ്ചപ്പാടോടെയാണ് ഇത്തരത്തിലുള്ളൊരു കാര്യം ചെയ്യുന്നതെന്നാണ് ആഞ്ജനേയ സേവാ ട്രസ്റ്റിൻ്റെ സ്ഥാപക ട്രസ്റ്റി പ്രിയ ഗുപ്ത വ്യക്തമാക്കിയത്.
അതേസമയം, ഹനുമാന്‍റെ വീര സൈന്യത്തിന്‍റെ പിന്‍ഗാമികളായാണ് അയോധ്യയിലെ വാനരന്മാരെ കണക്കാക്കുന്നത്. രാവണനെതിരായ ശ്രീരാമന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇവിടുത്തെ വാനരന്മാരെന്നാണ് വിശ്വാസം.