ബ്രിട്ടീഷ് രാജാവും പത്‌നിയും ഇന്ത്യയില്‍ രഹസ്യ സന്ദര്‍ശനത്തില്‍, ബെംഗളൂരുവില്‍ സുഖ ചികിത്സ
ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും, രാജ്ഞി കാമിലയും സുഖ ചികിത്സയ്ക്കായി ബെംഗളൂരുവില്‍ തങ്ങുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറായ്ചയാണ് ഇരുവരും ബെംഗളൂരുവില്‍ എത്തിയത് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെയില്‍സ് രാജകുമാരന്‍ എന്ന നിലയില്‍ ബെംഗളൂരു സന്ദര്‍ശിച്ചിട്ടുണ്ടെങ്കും ബ്രിട്ടന്റെ രാജാവ് എന്ന പദവി അലംഗരിച്ചതിന് ശേഷം അദ്ദേഹം നഗരത്തിലെത്തുന്നത് ആദ്യമാണ്.
വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് സെന്ററിലാണ് ഇരുവരുമെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. തിരക്ക് പിടിച്ച തങ്ങളുടെ ഷെഡ്യൂളുകളില്‍ നിന്ന് അവധിയെടുത്ത് കൊണ്ടാണ് ഇരുവരും സുഖ ചികിത്സയ്ക്കായി എത്തിയത്.
യോഗ, വിശ്രമത്തിനും പുനരുജ്ജീവനത്തിനും വേണ്ടി രൂപകല്‍പ്പന ചെയ്ത വിവിധ വെല്‍നസ് തെറാപ്പികള്‍ എന്നിവയെല്ലാം ചാള്‍സിനും പത്‌നിക്കുമായി ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സമോവയില്‍ ഒക്ടോബര്‍ 21 മുതല്‍ 26 വരെ കോമണ്‍വെല്‍ത്ത് രാജ്യത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തൊട്ടടുത്ത ദിവസം അതീവ രഹസ്യമായാണ് ഇരുവരും ബംഗളൂരുവിലെത്തിയത്.