നീലേശ്വരം വെടിക്കെട്ടപകടം: ഒളിവില്‍പോയ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കാസര്‍ഗോഡ് നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒളിവില്‍പോയ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ അറസ്റ്റിലായ കമ്മിറ്റി പ്രസിഡന്റ് ഭരതന്‍ സെക്രട്ടറി ചന്ദ്രശേഖരന്‍ പടക്കങ്ങള്‍ പൊട്ടിച്ച രാജേഷ് എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അപകടത്തില്‍ പരുക്കേറ്റവരുടെ മൊഴി അന്വേഷണ സംഘം ഇന്ന് മുതല്‍ രേഖപ്പെടുത്തും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെയും മംഗളൂരുവിലെയും 13 ആശുപത്രികളിലായി 102 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 21 പേര്‍ ഐസിയുവിലാണ്. ഇതില്‍ത്തന്നെ എട്ട് പേര്‍ വെന്റിലേറ്ററിലാണ്. ഇതില്‍ എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നീലേശ്വരം സ്വദേശി സന്ദീപിന്റെ ആരോഗ്യനില ഗുരുതരമാണ്.
അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ വെടിക്കെട്ടിനിടെ പടക്കശാലയ്ക്ക് തീപിടിച്ചായിരുന്നു അപകടം ഉണ്ടായത്. കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടം സംഭവിച്ചത്. അശ്രദ്ധമായി വെടിക്കെട്ട് നടത്തിയാണ് വെടിപ്പുരയ്ക്ക് തീ പിടിച്ചത്. അനുമതിയില്ലാതെ മാനദണ്ഡങ്ങള്‍ പാലിക്കാതെ വെടിക്കെട്ട് നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. പടക്കപുരയും കാണികളും തമ്മില്‍ അകലം ഉണ്ടായിരുന്നില്ല.