GulfTop News

കടല്‍ കടന്നും തെരഞ്ഞെടുപ്പ് ചൂട്; ഉപതെരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് അബിന്‍ വര്‍ക്കി ദോഹയില്‍

Spread the love

പാലക്കാട് ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം നൂറു ശതമാനം ഉറപ്പാണെന്നും, ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുന്ന ചേലക്കര മണ്ഡലത്തിലെ ഫലം സര്‍ക്കാരിന് തിരിച്ചടിയാവുമെന്നും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. പ്രിയങ്കാ ഗാന്ധി മത്സരരംഗത്തുള്ള വയനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്നണി ഏകപക്ഷീയമായ വിജയം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഐസിസി ഇന്‍കാസ് ഖത്തര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാലക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അബിന്‍ വര്‍ക്കി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ഉദ്ഘാനം ചെയ്ത കണ്‍വെന്‍ഷന്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹബീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു, കണ്‍വീനര്‍ അഭിലാഷ് ചളവറ സ്വാഗതം പറഞ്ഞ കണ്‍വെന്‍ഷനില്‍ കെഎംസിസി പാലക്കാട് ജില്ലാ പ്രതിനിധിയും പങ്കാളികളായി.

ജില്ലാ പ്രസിഡന്റ് അഷറഫ് നാസര്‍, ഭാരവാഹികളായ മുസ്തഫ എം.വി, മാഷിഖ് മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ട്രഷറര്‍ മുജീബ് അത്താണിക്കല്‍ നന്ദി പറഞ്ഞു.