കൂടിക്കാഴ്ചയ്ക്ക് എന്റെ സൗകര്യം കൂടി നോക്കണം’, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് വെള്ളാപ്പള്ളി നടേശന്
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് വെള്ളാപ്പള്ളി നടേശന്. താന്‍ വഴിയമ്പലമല്ലെന്നും ഇന്ന് വിളിച്ചിട്ട് കാണണം എന്നു പറഞ്ഞാല്‍ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ സൗകര്യം കൂടി തനിക്ക് നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍, രമ്യ ഹരിദാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് വെള്ളാപ്പള്ളി നടേശന് വിസമ്മതിച്ചത്. മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ടിട്ടും വെള്ളാപ്പള്ളി നടേശന് വഴങ്ങിയില്ലെന്നാണ് വിവരം.
അതേസമയം, യുഡിഎഫ് അന്‍വറിനെ വെറുപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. അന്‍വറിന്റെ ശക്തിയെ പരീക്ഷിക്കാന്‍ വെറുതെ പ്രകോപനപരമായ സംസാരങ്ങള്‍ ഒഴിവാക്കാമായിരുന്നു. യുഡിഎഫിന്റെ കണ്‍വീനര്‍ പക്വതയോടെയും വിനയമായും സംസാരിക്കണമായിരുന്നു. വെറുപ്പിക്കാവുന്ന അങ്ങേയറ്റം വെറുപ്പിച്ചു – അദ്ദേഹം വിശദമാക്കി.
രമ്യ ഹരിദാസ് ചേലക്കരയില്‍ ജയിക്കാന്‍ സാധ്യതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എല്‍ഡിഎഫിന് തന്നെയായിരിക്കും മുന്‍തൂക്കമെന്നും അദ്ദേഹം വ്യക്തമാക്കി. രമ്യയ്ക്ക് സൗകര്യം ഉള്ളപ്പോള്‍ തന്നെ കാണണം സൗകര്യം ഇല്ലാത്തപ്പോള്‍ കാണേണ്ട എന്നു പറഞ്ഞാല്‍ നടക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടില്‍ കഴിഞ്ഞതവണത്തെക്കാളും ഭൂരിപക്ഷം ഇത്തവണ കൂടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പാലക്കാട് ശക്തമായ ത്രികോണ മത്സരം കാഴ്ചവയ്ക്കുമെന്നും അവിടെ ആരും മോശക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.
പൂരം വലിയ ചര്‍ച്ച ആകുമെന്ന് തോന്നുന്നില്ലെന്നും ചിലപ്പോള്‍ ചേലക്കരയില്‍ ചെറുതായി ചര്‍ച്ചയേക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പക്ഷേ അത് വലിയ കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും പൂരം കലക്കിയ സാഹചര്യത്തില്‍ എന്‍ഡിഎയ്ക്ക് ഒരു എംപിയെ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ ഒരിക്കലും ഒരു തെറ്റും വെള്ളാപ്പള്ളി നടേശനോട് ചെയ്തിട്ടില്ലെന്ന് വെള്ളാപ്പള്ളിക്ക് പ്രതിപക്ഷ നേതാവ് മറുപടി നല്കി. വെള്ളാപ്പള്ളി നടേശന് മുമ്പും ഇതുപോലുള്ള നിലപാട് സ്വീകരിച്ചിരുന്നു. ഉമാ തോമസിനെ തിരഞ്ഞെടുപ്പ് കാലത്ത് കാണാന്‍ കൂട്ടാക്കിയിരുന്നില്ല. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ നിലപാടാണ് – വി ഡി സതീശന് പറഞ്ഞു.