‘200 സീറ്റ് ലക്ഷ്യം; 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വിജയം ഉറപ്പ്’; എം കെ സ്റ്റാലിൻ
തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തെ ഗൗരവത്തിലെടുത്ത് ഡിഎംകെ. അധികാരത്തുടർച്ചയുണ്ടാകുമെന്നും 200 സീറ്റാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ ആണ് സ്റ്റാലിന്റെ പ്രതികരണം. മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും സ്റ്റാലിൻ നിർദേശം നൽകി. മുഴുവൻ മണ്ഡലം ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ, അധികാരത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം പകർന്നു നൽകാനാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ശ്രമിച്ചത്.
ഡിഎംകെ മന്ത്രിസഭയിൽ ഘടകകക്ഷികൾക്ക് ഇടം നൽകുന്നില്ലെന്ന നടനും ടിവികെ അധ്യക്ഷനുമായ വിജയ്‍യുടെ വിമർശനത്തിന് പിന്നാലെ മന്ത്രിസ്ഥാനം വേണമെന്ന് തമിഴ്നാട് കോൺഗ്രസ് ആവശ്യപ്പെട്ട് കത്തയച്ചു. മന്ത്രിസഭയിൽ പ്രതിനിധ്യം വേണമെന്ന് തമിഴ്നാട് കോൺഗ്രസ് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ശരവണനാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചത്.
വിജയ് ഉയർത്തിയ രാഷ്ട്രീയ വിമർശനങ്ങളെയും ടിവികെ സമ്മേളനത്തിന് തടിച്ചുകൂടിയ ജനത്തെയും ഡിഎംകെ കാര്യമായി തന്നെയാണ് കാണുന്നത്. എതിരാളികൾ ഇല്ലാത്ത രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടായെന്ന് ഡിഎംകെയ്ക്ക് ബോധ്യപ്പെട്ടു. വിജയ്‍യെ വിമർശിച്ച് ഡിഎംകെ നേതാക്കൾ രംഗത്തെത്തി.ടിവികെ സമ്മേളനം സിനിമാ പരിപാടിയെന്നും വിജയ് ബിജെപിയുടെ സി ടീം ആണെന്നും മന്ത്രി രഘുപതി. എഐഎഡിഎംകെയുടെ അതേ നയങ്ങളാണ് വിജയ് സമ്മളനത്തിൽ ആവർത്തിച്ചത്. അവരുടെ വോട്ടുകളാണ് വിജയ്‍യുടെ ലക്ഷ്യമെന്ന് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ.
തങ്ങളുടെ കൂടെ ചേരുന്നവർക്ക് ഭരണത്തിൽ കാര്യമായി പങ്ക് നൽകുമെന്ന വിജയ്‍യുടെ പ്രഖ്യാപനവും തമിഴ് രാഷ്ട്രീയത്തിൽ കാര്യമായ ചലനമുണ്ടാക്കിയിട്ടുണ്ട്. മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ശരവണൻ മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. ബിജെപിയും സഖ്യകക്ഷികളായ തമിഴകം പാർട്ടിയും ഇന്ത്യ ജനനായക കക്ഷിയും ടിവികെയെ പ്രശംസിച്ച് രംഗത്തെത്തി.