NationalTop News

ഗുജറാത്തിലെ ടെക്‌സ്‌റ്റൈൽ ഫാക്ടറിയിൽ വിഷവാതക ചോർച്ച; 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം

Spread the love

ഗുജറാത്ത് അഹമ്മദാബാദിലെ ടെക്‌സ്‌റ്റൈൽ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഏഴ് പേരെ സമീപത്തുള്ള എൽജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. നഗരത്തിലെ നരോൽ വ്യവസായ മേഖലയിലുള്ള ദേവി സിന്തറ്റിക്സിലാണ് സംഭവം.

ഇന്നലെ ടാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഫാക്ടറിയിലെ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെ ഒൻപത് തൊഴിലാളികൾ വിഷ പുക ശ്വസിക്കുകയായിരുന്നു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ പോകുംവഴി തന്നെ മരിച്ചിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രവി മോഹൻ സൈനി പറഞ്ഞു.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പ്രിന്റിങ്ങ്, ഡൈയിങ്ങ് വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആസിഡ് ടാങ്കിലേക്ക് മാറ്റുന്നത് സമീപത്തുള്ള തൊഴിലാളികളെ ബാധിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പൊലീസ്, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തുമെന്നും കാരണം കണ്ടെത്തുമെന്നും അറിയിച്ചു.

ഫാക്ടറി പ്രവർത്തിച്ചിരുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണോ, വ്യാവസായിക സുരക്ഷ, എന്‍ഒസി നടപടിക്രമങ്ങള്‍ എന്നിവ പാലിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.