സിപിഐഎമ്മാണ് പൊന്നാനിയിൽ പിഡിപിയെ പരവതാനി വിരിച്ച് സ്വീകരിച്ചത്: ഇ.ടി മുഹമ്മദ് ബഷീർ
വൃത്തികെട്ട രാഷ്ട്രീയമാണ് സിപിഐഎം കളിക്കുന്നതെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണ്. സിപിഐഎമ്മാണ് പൊന്നാനിയിൽ പിഡിപിയെ പരവതാനി വിരിച്ച് സ്വീകരിച്ചത്. ബിജെപിയുമായി പലഘട്ടങ്ങളിലും അടുത്ത ബന്ധം പിണറായി വിജയന്റെ നയങ്ങളിൽ ഉണ്ടായിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും വളർത്തുന്നത് മുസ്ലിം ലീഗ് ആണെന്ന ആരോപണം തീർത്തും തെറ്റാണ്. എസ്ഡിപിഐയുമായി ഒരു സഖ്യവുമില്ല. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടായിരുന്നു. അത് ഒളിച്ചുവെയ്ക്കേണ്ട കാര്യമല്ല.മുസ്ലിംകൾ ഒരിക്കലും ജമാഅത്തെ ഇസ്ലാമിയെ ഭീകര സംഘടനയായി കാണുന്നില്ല. ഇപ്പോൾ ഭീകരത കണ്ടെത്തിയത് വിചിത്രമാണ്
പിണറായി വിജയന് പറ്റുന്ന ജാള്യത മറച്ചുവെക്കാനുള്ള സൂത്രവിദ്യകളാണിതെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ബിജെപിക്ക് സമാനമായ സമീപനമാണ് സിപിഎമ്മിന്റേത്. ഓരോ ഘട്ടത്തിലും സിപിഐഎം താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പിണറായി വിജയന്റെ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയതാണ്.
സിപിഐഎമ്മിന് താത്വികമായ അടിത്തറയില്ല. അതുകൊണ്ടാണ് മാർക്സിസ്റ്റ് പാർട്ടിയുടെ മേൽവിലാസം ഇന്ത്യയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. സിപിഐഎമ്മിന്റെയും പിണറായിയുടെയും സോഫ്റ്റ് ലൈൻ മുസ്ലിം ലീഗിന് ആവശ്യമില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.