വണ്‍ ഡേ സുല്‍ത്താനോ സുല്‍ത്താനയോ അല്ല വയനാടിന് വേണ്ടത്’; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് പി ജയരാജന്‍
രാഹുല്‍ ഗാന്ധി വണ്‍ ഡേ സുല്‍ത്താനായാണ് വയനാട് മണ്ഡലത്തില്‍ വന്നതെന്ന് പരിഹസിച്ച് പി ജയരാജന്‍. ഇവിടെ വണ്‍ ഡേ സുല്‍ത്താനോ വണ്‍ ഡേ സുല്‍ത്താനയോ അല്ല വേണ്ടതെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ജനപ്രതിനിധിയെയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയം ആരെങ്കിലും എഴുതിയിട്ടുള്ള പുസ്തകമല്ലെന്നും ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി ഏത് പാര്‍ട്ടിയാണ് നിലകൊള്ളുന്നത് എന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാതെ ഒളിച്ചോടിയിട്ടുള്ള കോണ്‍ഗ്രസിന്റെ പ്രതിനിധിയെ ഈ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണമെന്നാണ് ജനങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗ ശല്യമുള്‍പ്പടെയുള്ള ഈ മേഖലയിലെ പ്രശ്‌നങ്ങളില്‍ ഒരു ജനപ്രതിനിധിയെന്ന നിലയ്ക്ക് കോണ്‍ഗ്രസിനെ വിജയിപ്പിച്ചിട്ട് എന്ത് പ്രയോജനം കിട്ടിയെന്നാണ് ഈ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ആലോചിക്കേണ്ടതെന്നും പി ജയരാജന്‍ വ്യക്തമാക്കി.
വര്‍ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ രാഷ്ട്രീയം എല്‍ഡിഎഫ് ആണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യ നീതിയുടെ രാഷ്ട്രീയവും എല്‍ഡിഎഫാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ജനാധിപത്യത്തെ അര്‍ധപൂര്‍ണമാക്കാനുള്ള പ്രവര്‍ത്തനവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് നടത്തുന്നത്. അതാണ് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് – അദ്ദേഹം വിശദമാക്കി.
മത രാഷ്ട്ര സ്ഥാപനമാണ് ജമാഅത്തെ ഇസ്ലാമിയുടെ കാര്യപരിപാടി. ആര്‍എസ്എസ് മുന്നോട്ട് വെക്കുന്നത് ഹിന്ദുത്വ രാഷ്ട്രമാണ്. ഒരു ഭാഗത്ത് മത രാഷ്ട്രവാദികളാണ്. ഇപ്പുറത്ത് ഞങ്ങള്‍ മതനിരപേക്ഷ വാദികളാണ്. മാധ്യമ സുഹൃത്തുക്കളും ജനങ്ങളും മതനിരപേക്ഷവാദികള്‍ക്കൊപ്പമാണ് അണിനിരക്കേണ്ടത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതരാഷ്ട്രവാദികളോട് വിട്ടുവീഴ്ച ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം വിമര്‍ശിച്ചു.
രാഷ്ട്രീയത്തില്‍ പലതരത്തിലുള്ള കൂട്ടുകെട്ടും ധാരണകളും ഉണ്ടാക്കിയിട്ടുണ്ടാവാം. എന്നാല്‍, വര്‍ത്തമാനകാലത്ത് ഒരു ഭാഗത്ത് ആര്‍എസഎസ് ഹിന്ദു ഏകീകരണത്തിനുള്ള വര്‍ഗീയ മുദ്രാവാക്യം മുഴക്കുമ്പോള്‍ ഇപ്പുറത്ത് മുസ്ലീം ഏകീകരണം എന്ന മുദ്രാവാക്യത്തിന്റെ പിന്നിലാണ് മുസ്ലീം ലീംഗും ജമാഅത്തെ ഇസ്ലാമിയും. അത് കേരളം പോലെ മതനിരപേക്ഷത ശക്തമായി നിലകൊള്ളുന്നൊരു സംസ്ഥാനത്തിന് യോജ്യമാണോ എന്നത് സമൂഹം ചര്‍ച്ച ചെയ്യണം. അതാണ് എന്റെ പുസ്തകത്തിലെ പ്രതിപാദ്യം. അത് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യണം – അദ്ദേഹം വിശദമാക്കി.