കാനഡ മുറുകിയപ്പോള്‍ ജർമ്മനി അയഞ്ഞു, ഇന്ത്യക്കാർക്കുള്ള വിസ എണ്ണം വർധിപ്പിച്ചു
ജർമ്മനിയിൽ തൊഴിലവസരം തേടുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള വിസയുടെ എണ്ണം ഇരുപതിനായിരത്തിൽ നിന്ന് തൊണ്ണൂറായിരമായി വർധിപ്പിക്കുമെന്ന് ജർമ്മനിയുടെ പ്രഖ്യാപനം. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന ജർമൻ ബിസിനസ് 2024 ന്റെ പതിനെട്ടാമത് ഏഷ്യ- പസഫിക് കോൺഫറൻസിൽ വെച്ചാണ് തീരുമാനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ പ്രൊഫഷണൽസിനും വിദഗ്ധർക്കും ജർമ്മനിയിൽ ഇനി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകും. ഇൻഫർമേഷൻ ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ തീരുമാനം.
ജർമ്മനിയിലെ അനധികൃത കുടിയേറ്റം തടഞ്ഞ് വിദഗ്ദ്ധരായ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാനാണ് പുതിയ തീരുമാനമെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു. ഇന്ത്യയെ പോലെ തന്നെ ജർമ്മനിയുടെയും വളർച്ചയ്ക്ക് ഈ പുതിയ തീരുമാനം സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സുരക്ഷ , സാമ്പത്തികം ,വാണിജ്യം, ഗവേഷണം, ശാസ്ത്രം, സാങ്കേതിക വിദ്യ തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. പ്രതിരോധത്തിലും സാങ്കേതിക വിദ്യയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെ പ്രാധാന്യത്തെപറ്റിയും ജർമ്മൻ ചാൻസലർ എടുത്ത് പറഞ്ഞു . മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് ജർമ്മൻ ചാൻസലർ ഇന്ത്യയിൽ എത്തിയത്. 2021-ൽ അധികാരമേറ്റതിന് ശേഷം ചാൻസലർ ഒലാഫ് ഷോൾസിൻ്റെ മൂന്നാമത്തെ ഇന്ത്യൻ സന്ദർശനമാണിത്.