Saturday, April 5, 2025
Latest:
KeralaTop News

ദിവ്യയെ ക്ഷണിച്ചിട്ടേയില്ല; നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍

Spread the love

കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് താന്‍ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍. ഔദ്യോഗികമോ അനൗദ്യോഗികമോ ആയി ദിവ്യയെ ക്ഷണിച്ചിട്ടില്ല. ദിവ്യ വരുന്നതിനെക്കുറിച്ച് അറിഞ്ഞത് എപ്പോഴെന്ന് ഉള്‍പ്പെടെ മൊഴി നല്‍കുന്ന ഘട്ടത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതിയിലും തന്നെ കളക്ടര്‍ ക്ഷണിച്ചെന്ന വാദത്തില്‍ ദിവ്യ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അരുണ്‍ കെ വിജയന്റെ പ്രതികരണം.

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ കോടതി ഈ മാസം 29നാണ് വിധി പറയുക. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി ജ. നിസാര്‍ അഹമ്മദാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. വിജിലന്‍സിന് പ്രശാന്തന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പെട്രോള്‍ പാമ്പ് ബിനാമി ഇടപാടും അതിലെ പിപി ദിവ്യയുടെ പങ്കും അന്വേഷിക്കണം. പെട്രോള്‍ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയില്‍ വരില്ല, പിന്നെ എങ്ങനെ ദിവ്യ ഇടപെട്ടു? കടുത്ത വൈരാഗ്യം നവീന്‍ ബാബുവിനോട് ദിവ്യക്ക് ഉണ്ടായിരുന്നുവെന്നും കുടുംബം കോടതിയില്‍ വാദിച്ചു.

അതേസമയം, അഴിമതിക്കെതിരായ സന്ദേശമായിരുന്നു തന്റെ പ്രസംഗമെന്നാണ് ദിവ്യ കോടതിയില്‍ പറഞ്ഞത്. പ്രസംഗത്തിന്റെ ഉള്ളടക്കം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും ദിവ്യയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ കെ വിശ്വന്‍ വാദിച്ചു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയനാണെന്നും ക്ഷണം അനൗപചാരികമായായിരുന്നുവെന്നും വാദത്തില്‍ അവകാശപ്പെട്ടു.