Top NewsWorld

ബർഗർ കഴിച്ച ഒരാൾ മരിച്ചു, നിരവധി പേർക്ക് രോഗബാധ; മക്ഡൊണാൾഡ്സിനെതിരെ അമേരിക്കൻ ഏജൻസിയുടെ റിപ്പോർട്ട്

Spread the love

ബർഗറിൽ നിന്ന് ഇ-കോളി അണുബാധ വ്യാപിച്ചതിനെ തുടർന്ന് ലോകപ്രശസ്ത ഫുഡ് ചെയിൻ കമ്പനി മക്ഡൊണാൾഡ്‌സിന് തിരിച്ചടി. അമേരിക്കയിൽ ഒരാളുടെ മരണത്തിനും നിരവധി പേർക്ക് രോഗം ബാധിക്കാനും ഇടയാക്കിയ സംഭവത്തെ തുടർന്ന് യു.എസിലെ പത്ത് സ്റ്റേറ്റുകളിലെ 20 ഓളം മക്‌ഡൊണാൾഡ് ഔട്ട്ലെറ്റുകളിൽ നിന്ന് ക്വാർടർ പൗണ്ടർ ബർഗർ വിതരണം ചെയ്യുന്നത് കമ്പനി നിർത്തി.

കൊളറാഡോ, കൻസാസ്, ഉട്ടാഹ്, വയോമിങ്, ഇദാഹോ, ലോവ, മിസോറി, മൊണ്ടാന, നെബ്രാസ്ക, നെവാഡ, ന്യൂ മെക്സികോ, ഒക്‌ലഹോമ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിൽ നിന്നാണ് ക്വാർടർ പൗണ്ടർ ബർഗർ വിതരണം നിർത്തിയത്. രാജ്യത്ത് ഒരാൾ മരിക്കാനും നിരവധി പേർക്ക് അണുബാധയേൽക്കാനും കാരണം മക്ഡൊണാൾഡ്സ് വിതരണം ചെയ്ത ബർഗറാണെന്ന് യു.എസ് സെൻ്റേർസ് ഫോർ ഡിസീസ് കൺട്രോൾ സ്ഥിരീകരിച്ചിരുന്നു.

യുഎസിൽ 14000 ത്തോളം ഔട്ട്ലെറ്റുകൾ മക്ഡൊണാൾഡ്‌സിനുണ്ട്. ഇതിൽ രോഗബാധയുണ്ടായ പത്ത് സംസ്ഥാനങ്ങളിൽ പത്ത് ലക്ഷത്തോളം ക്വാർട്ടർ പൗണ്ടർ ബർഗറുകളാണ് ഓരോ രണ്ടാഴ്ചയിലും വിൽക്കപ്പെടുന്നത്. ഫെഡറൽ ഏജൻസികളുടെ അന്വേഷണവുമായി സഹകരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.