പി.വി അൻവറിന്റെ വോട്ട് മതേതരത്വം നിലനിർത്താനുള്ള വിട്ടുവീഴ്ച്ച’; രാഹുൽ മാങ്കൂട്ടത്തിൽ
പി.വി അൻവറിന്റെ വോട്ട് മതേതരത്വം നിലനിർത്താനുള്ള വിട്ടുവീഴ്ച്ചയെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ . അൻവറിന്റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല. വർഗീയതയ്ക്ക് വേണ്ടി വിട്ടുവീഴ്ച്ച ചെയ്തത് സിപിഐഎമ്മാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പാലക്കാട് സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പി.വി അൻവർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിഎംകെ സ്ഥാനാർഥി എം എ മിൻഹാജിനെ പിൻവലിച്ചു കൊണ്ടാണ് യുഡിഎഫിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചത്.
രാഹുലിനെ ഉപാധിയില്ലാതെ പിന്തുണക്കുമെന്നും നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വർഗീയ ഫാസിസത്തിന് അനുകൂലമായി ഒരു ജനൽ പാളി പോലും തുറക്കരുത് എന്നാണ് ആഗ്രഹം. അതാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കുന്നത്. നേരിട്ട അപമാനം എല്ലാം വ്യക്തിപരമായി സഹിക്കുന്നുവെന്നും പി വി അൻവർ പ്രതികരിച്ചിരുന്നു.
പിന്നാലെ അന്‍വറിന്റെയും ഡിഎംകെയുടെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. വര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷ മനസുള്ള ആരുടേയും വോട്ട് വാങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചേലക്കരയില്‍ പിന്തുണയില്ലാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ചേലക്കരയിലും അന്‍വര്‍ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.