Top NewsWorld

ഹിസ്ബുല്ല നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രായേൽ

Spread the love

തെക്കൻ ബെയ്റൂട്ടിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ അടുത്ത നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു. ഒക്ടോബർ നാലിന് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗം തലവൻ അലി ഹുസൈൻ ഹാസിമയ്‌ക്കൊപ്പമാണ് സഫിയുദ്ദീനും കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ ​(ഐഡിഎഫ്) പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ സംഭവത്തിൽ ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഹസൻ നസ്റുള്ള കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുല്ലയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ തലവനായ സഫീദ്ദീനെയാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി കണക്കാക്കിയിരുന്നത്. ഒക്ടോബർ മൂന്നിന് ദഹിയ്യയിൽ ഇസ്രായേൽ ആക്രമണം ഉണ്ടായതിന് ശേഷം സഫീദ്ദീന്റെ ഒളിത്താവളം ബങ്കറായിരുന്നു.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഹിസ്ബുല്ലയുടെ എല്ലാ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും ഇസ്രായേൽ വധിച്ചിരുന്നു. സഫീദ്ദീൻ കൊല്ലപ്പെട്ട ആക്രമണത്തിൽ മറ്റ് 25 ഹിസ്ബുല്ല നേതാക്കളും കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ച ഗാസയിൽ വെച്ച് ഹമാസ് നേതാവ് യഹ്യ സിൻവാറിനെ ഇസ്രായേൽ വധിച്ചിരുന്നു.

അതേസമയം, യഹ്യ സിൻവറിന്റെ അനുശോചന യോഗത്തിനിടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല ധനകാര്യ വിഭാഗം മേധാവി കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്ലയുടെ യൂണിറ്റ് 4400 എന്ന വിഭാഗത്തിൻ്റെ കമ്മാൻഡറായിരുന്നു ഇയാൾ.