ഗസ്സ വെടിനിർത്തൽ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തർ സന്ദർശിക്കുന്നു
കഴിഞ്ഞ ഒരു വർഷമായി ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ദോഹ സന്ദർശിക്കുന്നു. ഇസ്രയേൽ ആക്രമണം തുടങ്ങിയ ശേഷം തന്റെ പതിനൊന്നാമത് മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഖത്തറിലും എത്തുന്നത്.
ഗസയിലെ സംഘർഷം അവസാനിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും മുഴുവൻ ബന്ദികളുടെയും മോചനം ഉറപ്പാക്കലും ബ്ലിങ്കൻ ചർച്ച ചെയ്യുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ചൊവ്വാഴ്ച ഇസ്രായേലിൽ ആരംഭിച്ച ബ്ലിങ്കൻ്റെ ഒരാഴ്ചത്തെ പര്യടനത്തിൽ ഖത്തറിന് പുറമെ,ജോർദാനും സന്ദർശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഹമാസിൻ്റെ രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയയെ ഇറാനിൽ ഇസ്രയേൽ കൊലപ്പെടുത്തിയതിന് ആഴ്ചകൾക്ക് ശേഷം ഇസ്രയേൽ ബന്ദികളുടെ മോചനത്തിനും വെടിനിർത്തൽ കരാറിനുമുള്ള ചർച്ചകൾക്കായാണ് ബ്ലിങ്കെൻ അവസാനമായി ഖത്തർ സന്ദർശിച്ചത്.