മേയർ-KSRTC ഡ്രൈവർ തർക്കം: യദു ബസ് ഓടിച്ചത് റൂട്ട് മാറി; മേയർക്കും സച്ചിൻദേവിനും എതിരായ രണ്ട് കുറ്റങ്ങൾ ഒഴിവാക്കി; അന്വേഷണ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത്. മേയർക്കും സച്ചിൻ ദേവ് എംഎഎൽക്കുമെതിരായ രണ്ട് കുറ്റങ്ങൾ പോലീസ് ഒഴിവാക്കി. സച്ചിൻദേവ് എം.എൽ.എ ബസിൽ അതിക്രമിച്ച് കയറിയതിനും തെളിവില്ലെന്ന് പൊലീസ്. മേയർ ആര്യാരാജേന്ദ്രൻ അസഭ്യം പറഞ്ഞതിന് തെളിവില്ലെന്ന് പോലീസ്.
കെഎസ്ആർടിസി ഡ്രൈവർ യദു ഹൈഡ്രോളിക് ഡോർ തുറന്ന ശേഷമാണ് എം.എൽ.എ ബസിൽ കയറിയതെന്ന് അന്വേഷണ റിപ്പോർട്ട്. ദൃക്‌സാക്ഷി മൊഴികളിൽ നിന്നാണ് വ്യക്തത വരുത്തിയതെന്ന് പോലീസ്. യദു അന്ന് നഗരത്തിലൂടെ ബസ് ഓടിച്ചത് റൂട്ട് മാറിയെന്നാണ് പോലീസ് പറയുന്നത്. മേയർക്ക് എതിരായ മൂന്നു കുറ്റങ്ങളിൽ കൂടി പരിശോധന നടക്കുന്നുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു, അസഭ്യം പറഞ്ഞു, തന്നെയും യാത്രക്കാരെയും അധിക്ഷേപിച്ചു തുടങ്ങിയവയായിരുന്നു യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ് കെഎം, മേയറുടെ സഹോദരൻ അരവിന്ദ് എന്ന നന്ദു, അരവിന്ദിൻറെ ഭാര്യ ആര്യ എന്നിവരടക്കം അഞ്ച് പേർക്കെതിരെ കേസെടുത്തിരുന്നു. ഏപ്രിൽ 27നാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഭർത്താവ് സച്ചിൻ ദേവ് എംഎൽഎ എന്നിവരും കെഎസ്ആർടിസി ഡ്രൈവർ യെദുവുമായി നടുറോഡിൽ തർക്കം ഉണ്ടായത്. പാളയത്ത് വെച്ചായിരുന്നു സംഭവം ഉണ്ടായത്.
മേയറെയും സഹോദര ഭാര്യയെയും അശ്ലീല ചുവയുളള ആംഗ്യം കാണിച്ചെന്നായിരുന്നു മേയറുടെ പരാതി. മേയറുടെ പരാതിയിൽ കേസ് എടുത്ത പൊലീസ് ആദ്യം പരാതി നൽകിയ ഡ്രൈവറുടെ പരാതിയിൽ കേസ് എടുത്തിരുന്നില്ല. തുടർന്ന് കോടതിയെ സമീപിച്ചതോടെയാണ് കേസ് എടുക്കാൻ പൊലീസിന് നിർദേശം നൽകിയത്.